SignIn
Kerala Kaumudi Online
Tuesday, 03 November 2026 8.06 AM IST

പേവിഷബാധയേറ്റ്   എട്ട്  വയസുകാരി  മരിച്ച സംഭവം; ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ കുടുംബം രംഗത്ത്

niya-faizal
നിയ ഫൈസൽ

കൊല്ലം: പേവിഷബാധയേറ്റ് എട്ട് വയസുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിക്ക് വീഴ്‌ച പറ്റിയിട്ടില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ കുടുംബം രംഗത്ത്. പിഴവ് സംഭവിച്ചിട്ടും അത് അംഗീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്ന് നിയയുടെ അമ്മ ഹബീറ ആരോപിച്ചു. തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നിയ ഫൈസൽ മരിച്ചത്. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ.

ആശുപത്രി സൂപ്രണ്ടിനും ഡോക്‌ടർമാർക്കുമെതിരെ കേസെടുത്തത് ചികിത്സയിൽ പിഴവ് സംഭവിച്ചതുകൊണ്ടാണ്. കുട്ടിക്ക് നൽകിയ വാക്‌സിൻ ഏതാണെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത വരുത്തണമെന്നും അമ്മ ആവശ്യപ്പെട്ടു. ഹബീറ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം ക്രൈംബ്രാഞ്ച് അന്വേഷിച്ചത്.

കുട്ടിക്ക് നൽകേണ്ട ഇമ്മ്യൂണോ‌ഗ്ളോബുലിൻ വാക്‌സിൻ ആശുപത്രിയിൽ നിന്ന് കൃത്യമായി നൽകിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. മെഡിക്കൽ ബോർഡിന്റെ അന്തിമ നിഗമനങ്ങൾ പുറത്ത് വന്നതിനുശേഷം മാത്രമേ ചികിത്സാപ്പിഴവുണ്ടായോ എന്ന കാര്യത്തിൽ കൃത്യത വരികയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം കേസിൽ പുനലൂർ പൊലീസ് നടത്തുന്ന അന്വേഷണം വേഗത്തിലാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

2025 ഏപ്രിൽ എട്ടിനായിരുന്നു കുട്ടിക്ക് നായയുടെ കടിയേറ്റത്. 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്‌എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യ മൂന്നു ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടും കുട്ടി മരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. കുട്ടിയുടെ ഞരമ്പിൽ ആഴത്തിൽ കടിയേറ്റതാകാം വെെറസ് വ്യാപനം വേഗത്തിലാകാൻ കാരണമായതെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു അന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ വാക്സിൻ ഉത്പാദിപ്പിക്കുന്ന ആന്റിബോഡി ഫലപ്രദമാകുന്നതിന് മുൻപ് തന്നെ വെെറസ് തലച്ചോറിനെ ബാധിക്കാനും രോഗാവസ്ഥയിലേയ്ക്ക് പോകാനുമുള്ള സാദ്ധ്യതയുണ്ടെന്നും ഡോ. ബിന്ദു വ്യക്തമാക്കിയിരുന്നു.

English Summary

The family of eight-year-old Niya Faisel, who died from rabies, is contesting a Crime Branch report that cleared Punalur Taluk Hospital of negligence. Niya's mother claims the hospital authorities are unwilling to accept their mistakes. Niya died while undergoing treatment at SAT Hospital, Thiruvananthapuram.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYA FAIZAL, NIYA FAIZAL DEATH, NIYA FAIZAL STRAY DOG BITE, NIYA FAIZAL STRAY DOG BITE DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA