SignIn
Kerala Kaumudi Online
Monday, 22 June 2026 3.28 PM IST

സഭയിൽ സ്വർണക്കൊള്ള ആയുധമാക്കി പ്രതിപക്ഷം,​ പ്രതിയായ തന്ത്രിക്ക് എന്ത് പ്രത്യേകതയാണെന്ന് മന്ത്രി എം ബി രാജേഷ്

READ ENGLISH VERSION
niyamasabha

തിരുവനന്തപുരം: നിയമസഭയിൽ ഇന്നും പ്രതിഷേധിക്കാൻ ശബരിമല സ്വർണക്കൊള്ള ആയുധമാക്കി പ്രതിപക്ഷം. ബന്ധപ്പെട്ട വിഷയം ഉയർത്തി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു. സഭാ നടപടികൾ തുടങ്ങിയപ്പോൾ ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അസാന്നിദ്ധ്യത്തിൽ കെ ബാബു എംഎൽഎയാണ് വിഷയം ഉന്നയിച്ചത്.

ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജിയാവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎൽഎമാർ സഭയ്ക്കുമുന്നിൽ സത്യാഗ്രഹം നടത്തുന്നുണ്ടെന്നും അവർക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രതിഷേധം സഭയ്ക്ക് അകത്തുണ്ടാകുമെന്നും ബാബു പറഞ്ഞു. സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരർക്ക് എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് മന്ത്രി എം ബി രാജേഷ് ചോദ്യോത്തരവേളയിൽ ചോദിച്ചു. മുസ്‌ലീം ലീഗ്, ബിജെപിക്ക് നാരങ്ങാവെള്ളം കലക്കി കൊടുക്കാൻ കാത്തിരിക്കുകയാണെന്നും ഇവിടെ ഇരിക്കുന്ന കോൺഗ്രസുകാരിൽ എത്രപേർ നാളെ കോൺഗ്രസിൽ ഉണ്ടാകുമെന്ന് പറയാൻ കഴിയുമോയെന്നും രാജേഷ് ചോദിച്ചു. തങ്ങളൊഴികെ സ്വർണം കട്ട എല്ലാവരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നാണോ യുഡിഎഫ് നിലപാടെന്നും മന്ത്രി പരിഹസിച്ചു.

അതേസമയം,​ ഹൈക്കോടതിക്കെതിരെയാണ് കെ ബാബു പ്രതികരിച്ചതെന്നു നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലാണ് ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നടക്കുന്നതെന്നും തന്ത്രി പ്രതിയാണോ അല്ലയോ എന്നതിൽ സർക്കാരിന് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണ റിപ്പോർട്ട് സർക്കാരിനു ലഭിക്കുന്നില്ല. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് പ്രതിഷേധിച്ച് മുദ്രാവാക്യമുയർത്തി പുറത്തേക്കുവരികയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYAMASABHA, SABARIMALA, GOLDCASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA