
# ഇ.ഡി ഉദ്യോഗസ്ഥർ
മൂന്നുവട്ടം വന്നു
തിരുവനന്തപുരം: കരിമണൽ കമ്പനി സി.എം.ആർ.എല്ലുമായുള്ള മാസപ്പടി, കള്ളപ്പണക്കേസിൽ പ്രതിപക്ഷനേതാവ് പിണറായിവിജയന്റെ വാടകവീട്ടിൽ സമൻസ് പതിച്ച് ഇ.ഡിയുടെ അപ്രതീക്ഷിത നീക്കം.സ്പീഡ്പോസ്റ്റിൽ അയച്ചതിന് പുറമേയാണിത്. 23ന് രാവിലെ 11ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം
ഈ വീട്ടിൽ മേയ്27ന് റെയ്ഡിനെത്തിയപ്പോഴാണ് ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്.
അതിവേഗമാണ് ഇ.ഡിയുടെ നീക്കങ്ങൾ. വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മൂന്നാംദിവസം ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നുള്ള രണ്ടുദിവസത്തിനകം സമൻസിലേക്ക് കടന്നിരിക്കുകയാണ്.
അഡി.ഡയറക്ടർ അരുൺകുമാർ ഛാരി ഒപ്പിട്ട സമൻസാണ് പതിച്ചത്. ഇ-മെയിലിലും സമൻസ് അയച്ചതായി വിവരമുണ്ട്.
ഇന്നലെ രാവിലെ 9നാണ് ഇ.ഡി ഉദ്യോഗസ്ഥൻ ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വാടകവീട്ടിലെത്തിയത്. പിണറായി വീട്ടിലില്ലെന്നും കണ്ണൂരിലാണെന്നും സഹായികൾ അറിയിച്ചു. ബന്ധുക്കൾ വീട്ടിലുണ്ടോയെന്ന് തിരക്കിയെങ്കിലും ഇല്ലെന്ന് മറുപടിനൽകി. ചെറുമകൻ ഇഷാൻ വീട്ടിലുണ്ടായിരുന്നു. തിരിച്ചുപോയ ഇ.ഡി ഉദ്യോഗസ്ഥൻ പത്തരയ്ക്ക് വീണ്ടുമെത്തി. സമൻസ് സ്വീകരിക്കാൻ സ്റ്റാഫംഗങ്ങളോട് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. സമൻസ് നൽകുന്നതിന് സാക്ഷിയായി രേഖയിലൊപ്പിടാൻ സമീപത്തെ കടയുടമ അരുണിനോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. അതോടെ ഇ.ഡി ഉദ്യോഗസ്ഥൻ മടങ്ങിപ്പോയി പൊലീസ് സഹായം ആവശ്യപ്പെട്ടു. മ്യൂസിയം സ്റ്റേഷനിൽ നിന്ന് രണ്ടു പൊലീസുകാരെ വിട്ടുനൽകി. അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ പട്രോളിംഗ് സംഘവും ബേക്കറി ജംഗ്ഷനിലെത്തി. പന്ത്രണ്ടരയോടെ മൂന്നാമതും വീട്ടിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥൻ പ്രധാനവാതിലിനടുത്തെ തൂണിൽ സമൻസ് പതിപ്പിച്ചു. നടപടിക്രമങ്ങളെല്ലാം ഇ.ഡി ക്യാമറയിൽ പകർത്തി. പിന്നാലെ വി.ശിവൻകുട്ടിയും വി.ജോയ് എം.എ.എൽ.എയും വീട്ടിലെത്തി. സമൻസ് ഭിത്തിയിൽ പതിച്ചത് അന്യായമാണെന്നും പൊലീസ് കാഴ്ചക്കാരായി നിന്നെന്നും മുൻമന്ത്രി വി.ശിവൻകുട്ടി വിമർശിച്ചു.
പിണറായിയെ പിടികിട്ടാപ്പുള്ളിയെപ്പോലെ കണ്ടാണ് ഇ.ഡി നീക്കമെന്ന് സി.പി.എം പ്രതികരിച്ചു. ഇ.ഡിയുടേത് നിയമവഴിയെന്ന് കോൺഗ്രസ് പറഞ്ഞു.
വിജിലൻസ് കേസെടുത്തതിനെതിരേ പിണറായിയുടെ ഹർജി അവധിക്കുശേഷമേ സുപ്രീംകോടതി പരിഗണിക്കാനിടയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |