SignIn
Kerala Kaumudi Online
Friday, 11 September 2026 1.02 AM IST

പിണറായിക്കെതിരായ ഇ.ഡി ശുപാർശ അന്വേഷണം കുരുക്കിൽ ചവിട്ടിപ്പിടിക്കാൻ രാഷ്ട്രീയ സമ്മർദ്ദം

pinarayi-vijayan

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനെയും മകളെയും മരുമകനെയും ഉന്നം വച്ചുള്ള ഇ.ഡി ശുപാർശയിലെ അന്വേഷണം ഉടൻ നടക്കാനുള്ള സാദ്ധ്യത മങ്ങുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. അന്വേഷണം തിരിഞ്ഞുകുത്തുമോയെന്ന ആശങ്കയും യു.ഡി.എഫ് തലത്തിൽ സജീവമാണ്. നിയമവശങ്ങൾ പരിശോധിച്ച ശേഷമാവും അന്വേഷണ കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മന്ത്രി സണ്ണിജോസഫ് പറഞ്ഞത് ഇതിലേക്കുള്ള ചൂണ്ടുപലകയാണ്.

പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പ്രതി ചേർത്ത് കേസെടുക്കാൻ നേരിട്ടുള്ള മൊഴികളും തെളിവുകളും ഇല്ലെന്ന് അഡ്വക്കേറ്റ് ജനറൽ പ്രാഥമിക പരിശോധനയ്ക്കുശേഷം ആഭ്യന്തര വകുപ്പിനെ അറിയിച്ചതായാണ് അറിയുന്നത്. സി.എം.ആർ.എൽ മാസപ്പടി വിഷയത്തിൽ ഇ.ഡി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ കേസെടുക്കാതിരിക്കാനാവില്ലെന്നാണ് ഇന്നലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ യോഗത്തിലും മുഖ്യമന്ത്രി വി.ഡി.സതീശൻ ആവർത്തിച്ചത്. എന്നാൽ, സർക്കാരിന് ഏറെ കരുതലോടെ മാത്രമേ നീങ്ങാനാവൂ.

അന്വേഷണം കടുപ്പിച്ചാൽ, സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റ് ഇടപാടുകളെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യമുയർന്നേക്കും. അത് തിരിച്ചുകൊത്തുമെന്ന ആശങ്ക ശക്തമാണ്. മാത്രമല്ല, ഇ.ഡിയെ ആയുധമാക്കി രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ ഉപദ്രവിക്കുന്നതിന് എതിരാണ് കോൺഗ്രസ് ദേശീയ നേതൃത്വവും 'ഇന്ത്യ" സഖ്യവും. എന്നാൽ,​ പിണറായിക്കും സി.പി.എമ്മിനുമെതിരെ ഇത്രയും ശക്തമായ ആയുധം കിട്ടുമ്പോൾ അത് കൈവിടുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് മറുവിഭാഗത്തിന്. കോൺഗ്രസിലെ തന്നെ പലനേതാക്കളും ചില ഘടകകക്ഷി നേതാക്കളും തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന നിലപാടിലുമാണ്. സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതും ഇതാണ്.

കുരുക്കിലാക്കുന്ന 20.5 കോടി

മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും ഇ.ഡി സംസ്ഥാന സർക്കാരിന് നൽകിയ കത്തിൽ പറയുന്നുണ്ട്. റിയാസിന്റെ സുഹൃത്ത് ഹസ്സൻ വാരിസ് മൊഴി നൽകിയെന്നും കത്തിൽ പറയുന്നുണ്ട്. ദുബായിൽ കമ്പനി സ്ഥാപിക്കാനും ബിസിനസ് നടത്താനുമാണ് പണം വിദേശത്തേക്ക് കടത്തിയതെന്നാണ് ഇ.ഡിയുടെ വാദം. ഷൈജൽ മുഹമ്മദ്, പി.നിഖിൽ, ഹസൻ വാരിസ്, വി.പി.ഹൈജാസ്, എം.നന്ദുലാൽ എന്നിവരും ടി.വീണയും ഹവാല ഇടപാടിൽ പങ്കളാകളാണെന്നാണ് ഇ.ഡിയുടെ ആരോപണം.

ലക്ഷ്യം പിണറായിയായിരുന്നു, പിന്നീട് വീണ. രണ്ടും നടക്കാതായപ്പോഴാണ് എനിക്കെതിരെ തിരിഞ്ഞത്. കമ്മ്യൂണിസ്റ്റുകാർ ഇഡിയെ പേടിക്കില്ല. നിയമപരമായും രാഷ്ട്രീയമായും നേരിടും.

-മുഹമ്മദ് റിയാസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA