SignIn
Kerala Kaumudi Online
Monday, 02 November 2026 5.46 PM IST

വയനാട്ടിലെ വന്യജീവി ശല്യം: ജനകീയ സമിതി, പട്രോളിംഗ് സംഘം, പരിഹാര നിർദ്ദേശങ്ങൾ തീരുമാനിച്ചു

READ ENGLISH VERSION
wayanad-

വയനാട്: വയനാട്ടിലെ വന്യജീവി ശല്യം പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾക്ക് തീരുമാനമായി. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന തദ്ദേശ പ്രതിനിധികളുടെ യോഗത്തിലാണ് രണ്ട് തരത്തിലുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. വനം, റവന്യൂ, തദ്ദേശ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ ചികിത്സ സഹായം ജനകീയ സമിതി രൂപീകരണം, പട്രോളിംഗ് സ്‌ക്വാഡുകൾ തുടങ്ങിയ കാര്യങ്ങളിലാണ് നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായത്.

വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സയ്ക്ക് ചെലവാക്കുന്ന തുക സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. വന്യജീവികളുടെ ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ഒരു ജനകീയ സമിതി രൂപീകരിക്കും. ഈ സമിതിയുടെ കോർഡിനേറ്ററായി ജില്ലാ കളക്ടർ പ്രവർത്തിക്കും. രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുമെന്നും വനംമന്ത്രി വ്യക്തമാക്കി.

വയനാട്ടിലെ വിഷയം ജനങ്ങളുടെ ജീവിത പ്രശ്നമാണെന്നും അതിൽ രാഷ്ട്രീയം കലർത്തരുതെന്നും മന്ത്രി കെ രാജൻ ആവശ്യപ്പെട്ടു. വനമേഖലയിൽ കൂടുതൽ ഡ്രോണുകളെ വിന്യസിച്ച് നിരീക്ഷണം തുടരുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. വനമേഖലയിൽ 250 പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഇതിനോടകം നടപടി തുടങ്ങി. അതിർത്തി മേഖലയിൽ 13 പട്രോളിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു.

വന്യമൃഗ ശല്യം രൂക്ഷമാകുകയും ജനങ്ങളുടെ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്ത വയനാട്ടിൽ ഇന്ന് നാല് മന്ത്രിമാരാണ് സന്ദർശനം നടത്തിയത്. മന്ത്രിമാരായ കെ.രാജൻ, എ.കെ. ശശീന്ദ്രൻ, കെ.രാധാകൃഷ്ണൻ, എം.ബി.രാജേഷ് എന്നിവരാണ് വയനാട്ടിലെത്തിയത്. കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വകുപ്പിലെ താത്കാലിക വാച്ചർ വിപിപോൾ, മാനന്തവാടി പടമല പനച്ചിയിൽ അജീഷ്, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലിയിലെ പ്രജീഷ് എന്നിവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു.

വയനാടിന്റെ ചുമതലയുള്ള മന്ത്രി ശശീന്ദ്രൻ അവിടെ എത്താത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മന്ത്രി സംഘത്തിനെതിരെ പ്രതിഷേധം ഉണ്ടായേക്കാം എന്നത് കണക്കിലെടുത്ത് സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA