
തിരുവനന്തപുരം: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. ഇന്നു നടക്കുന്ന പി.എസ്.സി യോഗം ഇക്കാര്യം ചർച്ച ചെയ്യും. അതേസമയം, ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല.
പി.എസ്.സിയുടേതടക്കമുള്ള മറ്റു പൊതുപരീക്ഷകളുടെ ടൈംടേബിൾ നോക്കി സ്‌കൂളുകളുടെ ലഭ്യത വിലയിരുത്തിയ ശേഷമാകും പുന:പരീക്ഷാ തീയതിയിൽ അന്തിമ തീരുമാനമെടുക്കുക. 200 സ്‌കൂളുകളാണ് വേണ്ടി വരിക. ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറിനൽകിയത്. സംഭവത്തിൽ ചുമതലയുണ്ടായിരുന്ന അഡിഷണൽ ചീഫ് സൂപ്രണ്ടിന്റെ വീഴ്ചയിൽ എന്തുനടപടി വേണമെന്നും ഇന്നത്തെ യോഗം ചർച്ചചെയ്യും.
ഉദ്യോഗസ്ഥന്റെ കൈപ്പിഴ മൂലം 1.69 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടായി. ഏകദേശം 3.4 കോടിയുടെ നഷ്ടവും പി.എസ്.സിക്കുണ്ടായി. സംഭവം അട്ടിമറിയാണോ എന്ന സംശയവും പി.എസ്.സിക്കുണ്ട്. ഒരേ ദിവസം രണ്ടു പൊതുപ്രാഥമിക പരീക്ഷ നടത്തുമ്പോൾ അഡിഷണൽ ചീഫ് സൂപ്രണ്ടിന്റെ ചുമതല വഹിക്കേണ്ടി വരുന്ന പി.എസ്.സി ജീവനക്കാർക്ക് ബുദ്ധിമുട്ടാണെന്നും ഈ പരിഷ്‌കാരം ഒഴിവാക്കണമെന്നും കോൺഗ്രസ് അനുകൂല സംഘടനായ എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
ഇടക്കാല റിപ്പോർട്ട് ഇന്ന്?
1. പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ.ടിക്ക് കൈമാറിയ രേഖകളുടെ വിവരങ്ങൾ ചെയർമാൻ എം.ആർ. ബൈജു ഇന്നത്തെ യോഗത്തെ അറിയിക്കും.
2.പി.എസ്.സി ചുമതലപ്പെടുത്തിയ ആഭ്യന്തര വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ട് ഇന്ന് നൽകാനും സാദ്ധ്യതയുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ അതിന്മേലും ചർച്ചയുണ്ടാകും.
3.പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉത്തരക്കടലാസുകളുടെ പരിശോധനയക്ക് എസ്.ഐ.ടി ഇന്ന് പി.എസ്.സി ആസ്ഥാനത്ത് എത്തും. മൂല്യനിർണയത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങളും എസ്.ഐ.ടി തേടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |