
തിരുവനന്തപുരം: ഒന്നാം റാങ്കുകാരിയെ തഴഞ്ഞ്, റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത ഭിന്നശേഷിക്കാരന് നിയമനം നൽകാനുള്ള പി.എസ്.സിയുടെ നീക്കത്തെക്കുറിച്ച് എസ്.ഐ.ടി അന്വേഷിക്കുന്നു. ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ 35,600-75,400 ശമ്പളസ്കെയിലുള്ള മീഡിയ മേക്കർ തസ്തികയിലെ ഒറ്റ ഒഴിവിലാണിത്. പത്തുവർഷത്തിലൊരിക്കലാണ് ഈ തസ്തികയിൽ വിജ്ഞാപനം ചെയ്യുന്നത്. നേരിട്ടുള്ള നിയമനമെന്നാണ് വിജ്ഞാപനത്തിലുള്ളത്. നിയമന തട്ടിപ്പിനുള്ള ശ്രമത്തെക്കുറിച്ച് 'കേരളകൗമുദി' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ബി.എസ്‌സി കെമിസ്ട്രിയും ഡി.എം.എൽ.ടിയുമാണ് യോഗ്യത. 343പേർ അപേക്ഷിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഓൺലൈൻ പരീക്ഷയായിരുന്നു. പി.എസ്.സി ആസ്ഥാനത്തെ അഭിമുഖവും കഴിഞ്ഞ് സെപ്തംബർ 17ന് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. എഴുത്തുപരീക്ഷയിൽ 35.33, അഭിമുഖത്തിൽ 12 സഹിതം 47.33 മാർക്കോടെ നെയ്യാറ്റിൻകര സ്വദേശി വി.എസ്.രേഷ്‌മയാണ് ഒന്നാമതെത്തിയത്. 11പേരാണ് റാങ്ക്പട്ടികയിലുണ്ടായിരുന്നത്. 10പേർ മെയിൻലിസ്റ്റിലും ഒരാൾ സപ്ലിമെന്ററി ലിസ്റ്റിലും.
ഒക്ടോബറിൽ ലഭിക്കേണ്ടിയിരുന്ന അഡ്വൈസ് മെമ്മോ വൈകിയതോടെ രേഷ്‌മ പി.എസ്.സിയിലെത്തി അന്വേഷിച്ചപ്പോഴാണ് നിയമന നീക്കമറിഞ്ഞത്. റാങ്ക് പട്ടികയിൽ ഭിന്നശേഷിക്കാരില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് പരീക്ഷയെഴുതിയ ഒരു ഭിന്നശേഷിക്കാരന് നിയമനം നൽകാൻ നീക്കമെന്നറിഞ്ഞത്. ഇതുവരെ റാങ്ക് പട്ടിക മാറ്റിയിട്ടില്ല. ആദ്യ റാങ്കുകാരൻ കേസിന് പോയില്ലെങ്കിൽ ഭിന്നശേഷിക്കാരന് നിയമനം നൽകുമെന്നാണ് രേഷ്‌മയോട് പി.എസ്.സി അധികൃതർ പറഞ്ഞത്.
തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ക്രൈംബ്രാഞ്ച് ഐ.ജി എസ്.അജീതാബീഗത്തിനും പരാതി നൽകി. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം റാങ്ക് പട്ടികയിൽ ഭിന്നശേഷിക്കാരുണ്ടോയെന്നും നിയമനത്തിന്റെ തത്‌സ്ഥിതിയെന്താണെന്നും എസ്.ഐ.ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുവരെ ആർക്കും അഡ്വൈസ് മെമ്മോ അയച്ചിട്ടില്ല. 2004ലും 2015ലും ഓപ്പൺകാറ്റഗറിയിൽ നിന്നാണ് നിയമനം നടത്തിയത്. ഒറ്റ തസ്തികയായതിനാൽ റൊട്ടേഷൻ ബാധകമല്ല. റൊട്ടേഷൻ പ്രകാരമെങ്കിൽ ഈഴവ വിഭാഗത്തിലുള്ളവരെ നിയമിക്കേണ്ടതായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |