SignIn
Kerala Kaumudi Online
Friday, 06 November 2026 2.43 AM IST

ഈ മീനുകൾ കഴിക്കരുത്,​ മത്സ്യപ്രേമികൾക്ക് മുന്നറിയിപ്പ്

fish-

കോട്ടയം: കായൽ - കടൽ മത്സ്യങ്ങളിൽ നഗ്‌നനേത്രങ്ങൾക്ക് കാണാനാകാത്ത മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യം വൻതോതിൽ വർദ്ധിക്കുന്നതായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) മറൈൻ ബയോളജി വിഭാഗത്തിന്റെ പഠനം. ഓരോ വർഷവും മത്സ്യങ്ങളിലെ പ്ലാസ്റ്റിക് സാന്നിദ്ധ്യം 10 മുതൽ 20 ശതമാനം വരെയാണ് കൂടുന്നത്. ഇത് മത്സ്യസമ്പത്തിനെ നശിപ്പിക്കുന്നതിനൊപ്പം മനുഷ്യർക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും.
കുസാറ്റ് ലാബിൽ ഒന്നരമാസത്തോളം മൈക്രോപ്ലാസ്റ്റിക് സമ്പർക്കത്തിൽ വളർത്തിയ കരിമീൻ കുഞ്ഞുങ്ങളുടെ വളർച്ചയിൽ വലിയ കുറവുണ്ടായി. ഇവയിൽ രക്താണുക്കളുടെ എണ്ണം കുറയുകയും, തലച്ചോറിലെയും ചെകിളപ്പൂക്കളിലെയും സുപ്രധാന എൻസൈമുകളുടെ പ്രവർത്തനം മന്ദഗതിയിലാകുകയും ചെയ്തു. മൈക്രോപ്ലാസ്റ്റിക് ഭീഷണി മൂലം സൂക്ഷ്മ സസ്യങ്ങൾ, ചെമ്മീൻ, ഞണ്ട്, കല്ലുമ്മക്കായ, കക്കയിറച്ചി എന്നിവയുടെയും കടൽ പക്ഷികൾ, നീർനായ്ക്കൾ തുടങ്ങിയവയുടെയും എണ്ണം ക്രമാതീതമായി കുറയുന്നതായും പഠനം വ്യക്തമാക്കുന്നു.

ആരോഗ്യ പ്രത്യാഘാതങ്ങൾ

മത്സ്യങ്ങളിലൂടെ പ്ലാസ്റ്റിക് നിരന്തരം മനുഷ്യശരീരത്തിൽ എത്തിയാൽ ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ, പ്രതിരോധശേഷി കുറയൽ, പ്രമേഹം, ഗർഭസംബന്ധമായ പ്രശ്‌നങ്ങൾ, പൊണ്ണത്തടി എന്നിവയ്ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്ലാസ്റ്റിക്കിലുള്ള ഹെവി മെറ്റലുകൾ, താലേറ്റുകൾ, ബിസ്പിനോൾ എന്നിവ അതീവ അപകടകാരികളാണ്. എന്നാൽ മീൻ കഴിക്കുന്നത് പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം, പ്ലാസ്റ്റിക് മലിനീകരണം തടയാനുള്ള കൃത്യമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളാണ് ഉറപ്പാക്കേണ്ടതെന്നാണ് പൊതുഅഭിപ്രായം.


''മൈക്രോ പ്ലാസ്റ്റിക്കുമായി ജനങ്ങൾക്ക് നേരിട്ടു ബന്ധമില്ലെങ്കിലും ഭക്ഷ്യരൂപത്തിൽ ഇവ ഉള്ളിൽ എത്തുന്നത് തട‍ഞ്ഞേ പറ്റൂ. ആന്റിബയോട്ടിക്കുകളുടെ രോഗ പ്രതിരോധ ശക്തി മറികടക്കാൻ മൈക്രോ പ്ലാസ്റ്റിക്കിന് കഴിയുമെന്നത് പുതിയ രോഗങ്ങൾക്ക് വഴിതെളിക്കും. പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളിൽ ബോധവത്ക്കരണം നടത്തുന്നതിനൊപ്പം കനം കുറഞ്ഞ പ്ലാസ്റ്റിക്ക് നിരോധിക്കണം.

-ഡോ.ബിജോയ് നന്ദൻ (കുസൈറ്റ് മറൈൻ ബയോളജി ഡീൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA