
തിരുവനന്തപുരം: സർക്കാരും എക്സൈസ് മന്ത്രിയും അറിയാതെ ബാർ ലൈസൻസ് നൽകിയെന്ന വിവാദം തുടരുന്നതിനിടെ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു. കമ്മിഷണറുടെ നടപടിയിൽ മന്ത്രി എം.ലിജു അതൃപ്തി പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയോട് പരാതിപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സ്ഥാനചലനം.
എക്സൈസ് കമ്മിഷണറുടെ താത്കാലിക ചുമതല എൻഫോഴ്സ്മെന്റ് അഡി. കമ്മിഷണർ ബി.എൽ.ഷാജഹാന് നൽകി. എസ്.സി, എസ്.ടി വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായാണ് സീറാമിനെ മാറ്റി നിയമിച്ചത്. മൂന്ന് ബിയർ, വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകുകയും കൊച്ചി വിമാനത്താവളത്തിൽ രണ്ട് ലൗഞ്ച് ബാർ ലൈസൻസ് അനുവദിച്ചതും വിവാദമായിരുന്നു. യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം വരുന്നതിന് മുമ്പ് മന്ത്രി അറിയാതെയാണ് ഈ നടപടികളെന്ന് ചൂണ്ടിക്കാട്ടി രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. എക്സൈസ് കമ്മിഷണറായിരുന്ന എം.ആർ. അജിത് കുമാറിനെ മാറ്റി കഴിഞ്ഞ ജൂണിലാണ് സീറാം ഐ.എ.എസിനെ നിയമിച്ചത്.
മന്ത്രിയുടെ അതൃപ്തിയിൽ
സ്ഥാനചലനം
1 നേരിട്ട് ഇടപെട്ടില്ലെങ്കിലും ബാർ ലൈസൻസ് അനുവദിച്ച ഡെപ്യൂട്ടി കമ്മിഷണർമാരെ സീറാം ന്യായികരിച്ചത് മന്ത്രിയെ പ്രകോപിച്ചിച്ചു
2 പുതിയ മദ്യനയം പ്രഖ്യാപിച്ചതിനു ശേഷം ബാർ ലൈസൻസുകൾ നൽകിയാൽ മതിയെന്ന നിർദ്ദേശം പാലിക്കാത്തതിന് മന്ത്രി വിശദീകരണം തേടിയിരുന്നു. ചട്ടപ്രകാരമാണ് അനുവദിച്ചതെന്ന സീറാമിന്റെ മറുപടിയിൽ മന്ത്രി തൃപ്തനായില്ല
3 കോട്ടയത്ത് സമയക്രമം തെറ്റിച്ച് ബാർ പ്രവർത്തിക്കാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ തന്ത്രപരമായി കുടുക്കിയത് സീറാമായിരുന്നു. അതിന് സർക്കാരിന്റെ പ്രശംസ ഏറ്റുവാങ്ങിയെങ്കിലും ബാർ ലൈസൻസിൽ തെറ്റി
''ഉദ്യോഗസ്ഥർ മാറുന്നത് ആദ്യ സംഭവമല്ല. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്.
-എം.ലിജു,
എക്സൈസ് മന്ത്രി
''നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തീരുമാനങ്ങളെല്ലാം സർക്കാരിനെ യഥാസമയം അറിയിച്ചിരുന്നു
-സീറാം സാംബശിവറാവു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |