
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് ഫീസ് പിരിവിൽ കരാറുകാർ 7.56 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 42 കോടിയുടെ വരുമാനം മറച്ചുവച്ചു. സംസ്ഥാന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണിത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ വാഹനപാർക്കിംഗ് കരാർ എടുത്ത 22പേരുടെ വീടുകളിലും ഒാഫീസുകളിലുമടക്കം 69 സ്ഥലങ്ങളിലായിരുന്നു പരിശോധന.
വിവിധ ബാങ്ക് അക്കൗണ്ടുകളും നിരവധി ക്യു.ആർ കോഡുകളും ഉപയോഗിച്ചായിരുന്നു നികുതി വെട്ടിപ്പ്. പലസമയത്തും ഇവ മാറിമാറി വച്ചാണ് ഫീസ് പിരിച്ചിരുന്നത്. ഔദ്യോഗിക രേഖകളിൽ ഒന്നോ രണ്ടോ ബാങ്ക് അക്കൗണ്ടുകളും അതിന്റെ ക്യു.ആർ കോഡുകളും മാത്രമായിരിക്കും. അതിനാൽ മറ്റുള്ള അക്കൗണ്ടിലേക്ക് വരുന്ന പണത്തിന് നികുതി നൽകാറില്ല. ചില കേന്ദ്രങ്ങളിൽ ഇത്തരത്തിൽ 30ലേറെ ബാങ്ക് അക്കൗണ്ടുകളും ക്യു.ആർ കോഡുകളും കണ്ടെത്തി.
ദിവസവും വാങ്ങുന്ന പാർക്കിംഗ് ഫീസും മാസവാടകയായി ഈടാക്കുന്ന പാർക്കിംഗ് ഫീസുമുണ്ട്. ഇതിൽ മാസവാടക പലപ്പോഴും വരവായി കാണിക്കാതെയും തട്ടിപ്പ് നടത്തുന്നുവെന്നും കണ്ടെത്തി. നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഇൻപുട്ട് ക്രെഡിറ്റായി റെയിൽവേ ഇൗടാക്കുന്ന സ്ഥലവാടക കരാറുകാരന് തിരിച്ചുകിട്ടും. ആ തുകയ്ക്ക് അനുസൃതമായി വരവ് ക്രമീകരിച്ച് റിട്ടേൺ നൽകാറുണ്ടെന്നും കണ്ടെത്തി. പലയിടത്തും കരാറുകാർ പാർക്കിംഗ് കേന്ദ്രം നടത്തിപ്പ് ഉപകരാർ നൽകിയിരിക്കുകയാണ്.
ഒരു വർഷത്തോളം നീണ്ട
രഹസ്യ ഓപ്പറേഷൻ
തൃശൂരിലെ ജി.എസ്.ടി ഇന്റലിജൻസ് ഒാഫീസർ കെ.എം.ബിന്ദുവിന്റെ നേതൃത്വത്തിലുള്ള ടീം ഒരു വർഷത്തോളം പണിപ്പെട്ടാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. പല ദിവസങ്ങളിൽ പല സമയത്ത് ടീമംഗങ്ങൾ വാഹനങ്ങൾ റെയിൽവേ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്ത് ഫീസടച്ചു. ഒാരോ തവണയും ക്യു.ആർ കോഡിലൂടെ പണം എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാക്കിയാണ് തട്ടിപ്പ് കണ്ടെത്തിയത്.
പിഴയും തടവുശിക്ഷയും
നികുതിവെട്ടിപ്പ് നടത്തിയ കരാറുകാർക്കെതിരെ കേസെടുക്കും. നികുതിയും അതിന്റെ പലിശയും പിഴയും ചേർത്ത് മൂന്നരട്ടിയോളം തുക ഇവരിൽ നിന്ന് ഈടാക്കും. തടവുശിക്ഷയും ലഭിക്കാം.
മറ്റിടങ്ങളിലും വെട്ടിപ്പ്
കെ.എസ്.ആർ.ടി.സി, ആശുപത്രികൾ, മാളുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ വാഹന പാർക്കിംഗ് കേന്ദ്രങ്ങളിലും സമാനരീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലും പരിശോധന നടത്തും. നികുതി വെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ inform.sgst@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |