
തിരുവനന്തപുരം: സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദമാക്കി കേരളകൗമുദിയെ മാറ്റിയതാണ് പത്രാധിപർ കെ. സുകുമാരന്റെ മഹത്വമെന്ന് വി. മുരളീധരൻ എം.എൽ.എ. വിദ്യ കൊണ്ട് പ്രബുദ്ധരാവാനും സംഘടിച്ച് ശക്തരാകാനുമുള്ള ശ്രീനാരായണഗുരുദേവന്റെ ആഹ്വാനത്തെ അക്ഷരാർത്ഥത്തിൽ അദ്ദേഹം പ്രാവർത്തികമാക്കി. പത്രാധിപർ കെ.സുകുമാരന്റെ 45-ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്‌മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരുകളുടെ തെറ്റായ നയങ്ങളെയും ഇ.എം.എസ് ഉൾപ്പെടെയുള്ള നേതാക്കളെയും ഭയമില്ലാതെ വിമർശിക്കാൻ പത്രാധിപർ തയ്യാറായി. പത്രാധിപരുടെ പാത പിന്തുടരുന്നവരാണ് കേരളകൗമുദിയുടെ ഇപ്പോഴത്തെ നേതൃത്വം. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി കേരളകൗമുദിയുടെ ഇപ്പോഴത്തെ ചീഫ് എഡിറ്റർ ദീപു രവി നടത്തിയ പ്രസംഗം ഇതിന് തെളിവാണ്. മാദ്ധ്യമ പ്രവർത്തനത്തിന്റെ ലേബലിൽ അബ്കാരി കേസിലും കള്ളപ്പണ ഇടപാടിലും പെട്ട് എഡിറ്റർമാർ ജയിലിൽ പോകുന്ന അവസ്ഥയാണിന്ന്. ഇത്തരം ദുഷ്പ്രവണതകൾക്ക് മാദ്ധ്യമ പ്രവർത്തനത്തിന്റെ മറ ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് അപായകരമാണ്.
മാദ്ധ്യമ സ്ഥാപനങ്ങളായാലും രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായേ പ്രവർത്തിക്കാനാകൂ. മടിയിൽ കനമില്ലാത്തവൻ വഴിയിൽ ഭയക്കേണ്ടതില്ലെന്ന് പറഞ്ഞവർ, പിന്നീട് വഴിയിൽ ഭയന്നത് മടിയിൽ എന്തെങ്കിലും ഉണ്ടായത് കൊണ്ടാണോ എന്നറിയില്ല. തിരുവിതാംകൂറിനെ തിയോക്രാറ്റിക് സ്റ്റേറ്റെന്ന് വിശേഷിപ്പിക്കാനാകില്ല. അന്നത്തെ വഴി നടക്കൽ അവകാശം ഉൾപ്പെടെയുള്ള നിയന്ത്രണം രാജഭരണവ്യവസ്ഥയുടെയും കാലഘട്ടത്തിന്റെയും ഭാഗമായിരുന്നു. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, സാമൂഹിക സമത്വം എന്നിവയ്ക്കായി പോരാടിയ മഹത്തായ ചരിത്രമാണ് കേരളകൗമുദിക്കുള്ളത്. പത്രാധിപരുടെ മാതൃകാപരമായ നിലപാടുകളിൽ ഉറച്ചുനിന്ന്, തൂലികയെന്ന ശക്തമായ ആയുധത്തെ സമൂഹനന്മയ്ക്കായി തുടർന്നും ഉപയോഗിക്കാൻ കേരളകൗമുദിക്കാകട്ടെയെന്ന് വി. മുരളീധരൻ പറഞ്ഞു.
തിയോക്രസിയിൽ സംവാദം
തിരുവനന്തപുരം: തിരുവിതാംകൂർ തിയോക്രാറ്റിക് രാജ്യമായിരുന്നെന്ന് മന്ത്രി സി.പി.ജോൺ, എന്നാൽ അക്കാഡമിക് തലത്തിൽ അത് വസ്തുതാ വിരുദ്ധമെന്ന് വി.മുരളീധരൻ എം.എൽ.എ. പത്രാധിപർ കെ.സുകുമാരന്റെ 45-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തിലായിരുന്നു രാഷ്ട്രീയ സംവാദം. കേരള കൗമുദി രൂപീകൃതമാവുമ്പോൾ തിരുവിതാംകൂർ തിയോക്രാറ്റിക് രാജ്യമായിരുന്നുവെന്ന് സി.പി.ജോൺ പറഞ്ഞു. വളരെ കൃത്യമായ നിബന്ധനകളും ചട്ടങ്ങളും കീഴ് വഴക്കങ്ങളുമുള്ള മതാധിഷ്ഠിത രാജ്യമായിരുന്നു.
റസിഡന്റ് സായ്പുമാർ തിരുവനന്തപുരത്ത് തമ്പടിച്ച് ഭരണം നിയന്ത്രിക്കുന്ന കാലമായിരുന്നു 19 -ാം നൂറ്റാണ്ടും , 20 -ാം നൂറ്റാണ്ടിന്റെ പകുതിയും. കൊളോണിയൽ മേധാവിത്വത്തിന് കീഴിലുള്ള രാജാക്കന്മാരും, രാജാക്കന്മാർക്ക് കീഴിലുള്ള ജനതയും രാജാധികാരത്തിന്റെ കാലോചിതമല്ലാത്ത ചില ചിട്ടകളും നിലനിന്നിരുന്നുവെന്ന് ജോൺ ചൂണ്ടിക്കാട്ടി. എന്നാൽ, വി.മുരളീധരൻ ഇതിനോട് വിയോജിച്ചു. മാർത്താണ്ഡവർമ്മ മഹാരാജാവ് തൃപ്പടിദാനം നടത്തി ശ്രീപദ്മനാഭ ദാസനായി മാറിയെന്നത് വസ്തുതയാണ്. അന്നത്തെ വഴിനടയ്ക്കൽ അവകാശം ഉൾപ്പെടെയുള്ള നിയന്ത്രണം രാജഭരണ വ്യവസ്ഥയുടെയും കാലഘട്ടത്തിന്റെയും ഭാഗമായിരുന്നുവെന്ന് വി.മുരളീധരൻ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |