
തിരുവനന്തപുരം: അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിനു വേണ്ടിയാണ് പത്രാധിപർ കെ.സുകുമാരൻ എന്നും നിലകൊണ്ടതെന്നും അതേ കരുത്തോടെ കേരളകൗമുദി ഇന്നും മുന്നോട്ടു പോകുന്നത് സന്തോഷകരമാണെന്നും മന്ത്രി കെ. മുരളീധരൻ. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പേട്ട കേരളകൗമുദി അങ്കണത്തിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി സുധീരം പോരാടിയ പത്രാധിപർ കെ.സുകുമാരന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ പ്രണമിച്ച്, പത്രാധിപരുടെ 45-ാമത് ചരമ വാർഷികം ആചരിച്ചു. കേരളകൗമുദിയുടെ എല്ലാ യൂണിറ്റുകളിലും വിവിധ പുരോഗമന പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ സമുചിതമായി ചരമവാർഷികാചരണം നടന്നു. പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപരുടെ അന്ത്യവിശ്രമ സ്ഥലത്ത് സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പുഷ്പാർച്ചന നടത്തി.
പിന്നാക്ക വിഭാഗങ്ങളെ ഭരണ തലങ്ങളിൽ നിന്നു മാറ്റിനിറുത്തുന്നതിനെ ചോദ്യം ചെയ്യാൻ തന്റെ തൂലികയെ പത്രാധിപർ കെ.സുകുമാരൻ ശക്തമായി ഉപയോഗപ്പെടുത്തിയെന്ന് മുഖ്യാതിഥിയായിരുന്ന ഗതാഗത മന്ത്രി സി.പി. ജോൺ അനുസ്മരിച്ചു. കക്ഷി രാഷ്ട്രീയം നോക്കാതെ നിലപാടുകളിൽ ഉറച്ചുനിൽക്കാൻ കരുത്തുകാട്ടിയ വ്യക്തിത്വമായിരുന്നു പത്രാധിപരുടേതെന്ന് വി.മുരളീധരൻ എം.എൽ.എ ചൂണ്ടിക്കാട്ടി. പത്രാധിപരുടെ പാത പിന്തുടർന്ന് ഒരു വലിയ ജനവിഭാഗത്തിനു അറിവും വിദ്യാഭ്യാസവും പകർന്നു നൽകുന്നതിൽ കേരളകൗമുദി വഹിച്ച പങ്ക് മറക്കാനാവാത്തതാണെന്ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.
ജി.ആർ.അനിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പത്രാധിപർ സ്മാരക അവാർഡും ക്ഷേമനിധി അവാർഡും മന്ത്രി കെ.മുരളീധരൻ വിതരണം ചെയ്തു. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എസ്.സാബു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |