
കോട്ടയം: കോട്ടയത്തും ആലപ്പുഴയിലും വ്യാപക നാശം വിതച്ച് കനത്ത മഴയും കാറ്റും. കോട്ടയം തലനാട് വെള്ളാനി ഗവ.എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര മരം വീണ് തകർന്നു. ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. ഫാനുകൾ,പ്രൊജക്ടർ,കുട്ടികളുടെ പഠനോപകരണങ്ങൾ തുടങ്ങിയവ നശിച്ചു. പ്രദേശത്തെ വീടുകൾക്കും നാശനഷ്ടമുണ്ട്.
മീനച്ചിൽ മരങ്ങൾ വീണ് 33 വീടുകൾ തകർന്നു. പാലാ സെന്റ് തോമസ് കോളേജിന്റെ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന ബി.എസ്.എൻ.എൽ ടവർ കാറ്റിൽ നിലംപൊത്തി. മലയോരമേഖലയിൽ ജാഗ്രതാ നിർദ്ദേശം ഭരണകൂടം നൽകി.
ആലപ്പുഴയിൽ വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച ശക്തമായ മഴയിലും കാറ്റിലും കടലാക്രമണത്തിലും 6 വീടുകൾ തകർന്നു. ഹരിപ്പാട് തൃക്കുന്നപ്പുഴ കാട്ടാശേരിൽ സിയാദ്,സഹോദരൻ നൗഷാദ് എന്നിവരുടെ വീടുകൾ കടൽക്ഷോഭത്തിൽ തകർന്നു. കുട്ടനാട് കൈനകരി സൗത്ത് കറുകപ്പറമ്പിൽ രാധിക,തലവടി ഇരുപതിൽച്ചിറ ഗീതാകുമാരി,എണ്ണയ്ക്കാട് സ്വദേശിനി ലീല എന്നിവരുടെ വീടുകളുടെ മേൽ മരം കടപുഴകി നാശനഷ്ടമുണ്ടായി. ജില്ലയിലെ താഴ്ന്നയിടങ്ങളെല്ലാം വെള്ളക്കെട്ടിലകപ്പെട്ടു. ജില്ലാ ദുരന്തനിവാരണ അതോറിട്ടി കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളി,ശനി ദിവസങ്ങളിലായി 44.8 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |