SignIn
Kerala Kaumudi Online
Thursday, 11 June 2026 2.20 AM IST

ജീവിതം പഠിച്ചാഘോഷിച്ചു: റാങ്ക് തിളക്കത്തിൽ മൂവർ സീനിയേഴ്സ്

padam
ഉണ്ണിക്കൃഷ്ണനും ലക്ഷ്മിയും ശിവപ്രസാദും

കൊച്ചി: വിശ്രമജീവിതം പഠിച്ചാസ്വദിക്കുകയായിരുന്നു എക്‌സൈസ് മുൻ ഡെപ്യൂട്ടി കമ്മിഷണർ എം.എൻ. ശിവപ്രസാദും (59) കെ.എസ്.ഇ.ബി മുൻ അസി. എക്സിക്യുട്ടീവ് എൻജിനിയർ വി. ഉണ്ണിക്കൃഷ്ണനും (71). ഒപ്പം ഉറ്റ സുഹൃത്തായ ഉദയംപേരൂർ സ്വദേശി ജി.എസ്. ലക്ഷ്മി കൃഷ്ണനും (44).

തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജിലെ റെഗുലർ വിദ്യാർത്ഥികളായിരുന്ന 'മൂവർ സീനിയേഴ്സ്" റാങ്ക് തിളക്കത്തിലാണിപ്പോൾ. ശിവപ്രസാദ് മൃദംഗത്തിലും ഉണ്ണിക്കൃഷ്ണൻ കഥകളി സംഗീതത്തിലുമാണ് ഒന്നാം റാങ്ക് നേടിയത്. ലക്ഷ്മി വീണയിലും ഒന്നാം റാങ്ക് സ്വന്തമാക്കി. ഏപ്രിലിലായിരുന്നു പരീക്ഷ. മേയിൽ ഫലം വന്നു.

പൂഞ്ഞാർ പെരുനിലം സ്വദേശിയായ ശി​വപ്രസാദ് 2023ലാണ് വിരമിച്ചത്. തുടർന്നാണ് ആർ.എൽ.വി കോളേജിൽ ബി.എ മൃദംഗത്തിന് ചേർന്നത്. ഭാര്യ ശ്രീജയും മക്കളായ അഭിജിത്തും അഭിരാമിയും കൂടെ നിന്നു. ചെറുപ്പത്തിൽ വേലനിലയം ജോസഫ് ആശാനിൽ നിന്ന് മൃദംഗം പഠിച്ചിരുന്നു. പിന്നീട് പ്രശസ്ത വാദ്യകലാകാരൻ പാലാ ചിന്നുക്കുട്ടൻ മാസ്റ്ററായിരുന്നു ഗുരു. 1998ൽ എക്സൈസി​ൽ ജോലി കിട്ടിയത്.

തിരുവനന്തപുരം കാന്തല്ലൂർ സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ 2010ൽ വിരമിച്ച ശേഷം കഥകളി പഠിച്ചിരുന്നു. സർവീസിലുള്ളപ്പോൾ കർണാടക സംഗീതവും മൃദംഗവും വീണയും അഭ്യസിച്ചിരുന്നു. വി​രമി​ച്ചശേഷം കൊച്ചി​ അമൃത ആശുപത്രി​ ഫെസി​ലി​റ്റി​ മാനേജരായി. ഈ ജോലി​ രാജിവച്ചാണ് ബി​.എ കഥകളി സംഗീതത്തിന് ചേർന്നത്. കൊച്ചി കപ്പൽശാലയിലെ ഫിനാൻസ് മാനേജരായിരുന്ന പരേതയായ ശ്യാമളയാണ് ഭാര്യ. മകൾ: മഞ്ജുലക്ഷ്മി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ലക്ഷ്മി ഭർത്താവ് ബി.പി.സി.എൽ എൻജിനിയർ ആർ. ശ്രീജിത്തിന്റെ പ്രേരണയിലാണ് കോളേജിൽ ചേർന്നത്. ആദ്യമായാണ് സംഗീതപഠനം. പ്രാർത്ഥനയും അഗ്നിജിത്തുമാണ് മക്കൾ.

 ഇനി എം.എ പഠനം

ഇംഗ്ലീഷ് സംസ്‌കൃതം ക്ളാസുകളിലെ ഒന്നിച്ചുള്ള പഠനമാണ് കോളേജിലെ സീനിയർമാരായ മൂവരെയും ഉറ്റ സുഹൃത്തുക്കളാക്കിയത്.

ശിവപ്രസാദും ഉണ്ണിക്കൃഷ്ണനും എം.എയ്‌ക്ക് പഠിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. അടുത്ത വർഷം എം.എ ചെയ്യാനാണ് ലക്ഷ്മിയുടെ പ്ളാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA