□അറസ്റ്റ് നടപടിക്രമം പാലിക്കാതെ
കോഴിക്കോട്: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് (ബി.എൽ.എം) കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപകനും മുൻ ചെയർമാനുമായ ആർ. പ്രേംകുമാറിനെ കോഴിക്കോട് ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ദിവ്യ നടേശൻ വിട്ടയച്ചു. നടപടിക്രമം പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.
അറസ്റ്റിന്റെ കാരണം ബോധിപ്പിക്കുക, ബന്ധുക്കളെ വിവരമറിയിക്കുക തുടങ്ങിയ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിൽ പൊലീസിനെ കോടതി വിമർശിച്ചതായും പ്രതിഭാഗം പറയുന്നു. ക്രെെംബ്രാഞ്ച് വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ നൽകും.ചെന്നൈയിലെ വസതിയിൽ നിന്നാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവെെ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ട്രാൻസിറ്റ് വാറണ്ടോടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയാണ് കോടതിയിൽ ഹാജരാക്കിയത്.
സൊസൈറ്റിയുടെ മുൻ സി.ഇ.ഒ നവീൻ കോഴിക്കോട് നടക്കാവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രേംകുമാറിനെതിരെ കേസെടുത്തത്. സൊസൈറ്റിയുടെ അക്കൗണ്ടിൽ നിന്ന് 80 കോടി രൂപ മാനദണ്ഡം പാലിക്കാതെ പല അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നായിരുന്നു പരാതി. കേസ് പിന്നീട് നടക്കാവ് പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്നുള്ള അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. അതിനിടെ നവീൻ നൽകിയ കേസ് പിൻവലിച്ചെങ്കിലും നിക്ഷേപം സ്വീകരിക്കുന്നതിന്റെ മറവിലുള്ള തട്ടിപ്പിനെ കുറിച്ച് ക്രെെംബ്രാഞ്ച് അന്വേഷണം തുടർന്നു. തട്ടിപ്പ് സംബന്ധിച്ച് കാര്യങ്ങൾ വ്യക്തമാക്കി ഹൈക്കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |