
മാനന്തവാടി: വൈരുദ്ധ്യങ്ങളെ തുറന്ന മനസോടെ സ്വീകരിക്കാനും സ്വാഗതം ചെയ്യാനും കഴിയുമ്പോഴാണ് യഥാർത്ഥ സൗഹൃദം ഉടലെടുക്കുന്നതെന്ന് മാതാ അമൃതാനന്ദമയി. സൗഹൃദത്തിൽനിന്നാണ് ശരിയായ സഹവർത്തിത്വം ജനിക്കുന്നത്. ഈ ഭൂമിയും പ്രകൃതിയും ഇവിടുത്തെ വിഭവങ്ങളും എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ഒരുപോലെ അനുഭവിക്കാൻ അവകാശപ്പെട്ടതാണെന്നുള്ള ഉത്തമ ബോദ്ധ്യത്തിൽ നിന്നാണ് ശരിയായ സഹവർത്തിത്വം ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു. രണ്ടു ദിവസത്തെ മാനന്തവാടി ബ്രഹ്മസ്ഥാന മഹോത്സവത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മാതാ അമൃതാനന്ദമയി.
ലോകത്തിൽ എവിടെയാണ് വൈരുദ്ധ്യങ്ങളില്ലാത്തത്? ഓരോ വ്യക്തിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വൈരുദ്ധ്യങ്ങളില്ലേ? ഒരു വീട്ടിൽ നാലുപേരുണ്ടെങ്കിൽ, നാലല്ല, നാനൂറു വൈരുദ്ധ്യങ്ങളുണ്ടാകും. ഒരു ഓഫീസാണെങ്കിലോ?
വ്യക്തിയായാലും ഒരു പ്രത്യേക വിഭാഗമായാലും രാജ്യമായാലും അവരവരുടെ ധർമ്മം അനുഷ്ഠിച്ചു ജീവിച്ചാൽ, മറ്റുള്ളവരേയും അതുപോലെ ജീവിക്കാൻ അനുവദിച്ചാൽ, ഇന്നു കാണുന്ന പ്രശ്നങ്ങളിൽ തൊണ്ണൂറു ശതമാനവും കാണില്ലായിരുന്നു.
ഇന്ന് നമ്മൾ ചിന്തിക്കാതെ പ്രവർത്തിക്കുകയും പ്രവർത്തിക്കാതെ ചിന്തിക്കുകയുമാണ് ചെയ്യുന്നത്. മനസിൽ ദേഷ്യം ഉണ്ടാകുമ്പോൾ ആ ചിന്ത ഉടനെ പ്രവൃത്തിയായോ വാക്കായോ മാറുന്നു. ആ ചിന്തയും പ്രവൃത്തിയും തമ്മിൽ ഇടവേളയില്ല. വികാരത്തെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സമയം കിട്ടുന്നില്ല. ദേഷ്യം വന്ന് പ്രതികരിക്കുമ്പോൾ, സാഹചര്യത്തെ മനസിലാക്കാൻ പോലും സമയം കിട്ടുന്നില്ല. സാഹചര്യം മനസിലാക്കാതെ പ്രവർത്തിക്കുമ്പോൾ, നമ്മൾ മിക്കപ്പോഴും വിഡ്ഢികളാകുന്നു. ക്ഷമയാണ് നമ്മൾ വളർത്തിയെടുക്കേണ്ടത്.
മനുഷ്യർ തമ്മിലും സമുദായങ്ങൾ തമ്മിലും രാഷ്ട്രീയപാർട്ടികൾ തമ്മിലും രാജ്യങ്ങൾ തമ്മിലും സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സന്ധിസംഭാഷണങ്ങൾ ഫലം ചെയ്‌തെന്നു വരാം. പക്ഷെ, പ്രകൃതിയുമായി അങ്ങനെയൊരു ധാരണയൊന്നുമുണ്ടാക്കാൻ സാധിക്കില്ലെന്നും അമ്മ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |