SignIn
Kerala Kaumudi Online
Sunday, 07 June 2026 8.19 AM IST

റോബോട്ട് സ്ക്രീനിൽ കണ്ടത് ശരീരഭാഗമല്ല; സ്ഥിരീകരിച്ച് സ്‌കൂബ ടീം, തെരച്ചിലിന് നാവികസേന എത്തും

READ ENGLISH VERSION
amayizhanchan-thodu-

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ തൊഴിലാളി ജോയിക്കായുള്ള തെരച്ചിൽ 26 മണിക്കൂർ പിന്നിട്ടു. തോട്ടിലെ ടണലിനുള്ളിൽ റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മനുഷ്യശരീരഭാഗങ്ങൾ അല്ലെന്ന് സ്‌കൂബ ടീം സ്ഥിരീകരിച്ചു.

സ്‌കൂബ ടീം സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് കാണാതായ ജോയിയുടെ കാൽപ്പാദമാണെന്ന് നേരത്തെ സംശയമുയർന്നിരുന്നു. റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് സ്‌കൂബ ടീം അംഗങ്ങൾ ടണലിനുള്ളിലേക്ക് ഇറങ്ങി പരിശോധന നടത്തി. ഇതിൽ ദൃശ്യത്തിലുള്ളത് മനുഷ്യശരീരമല്ലെന്നും മാലിന്യമാണെന്നും സ്ഥിരീകരിക്കുകയായിരുന്നു. വീണ്ടും ടണലിൽ ഇറങ്ങി പരിശോധന നടത്താനാണ് തീരുമാനം. റെയിൽവേ ട്രാക്കുകൾക്കിടയിലെ ടണലിനുള്ളിൽ ജോയി കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം.

തെരച്ചിലിനായി നാവികസേന എത്തും. വൈകിട്ടോടെ നാവികസേന തലസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോർട്ട്. എൻഡിആർഎഫിന്റെ ( നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ് ) നേതൃത്വത്തിൽ മുങ്ങൽ വിദഗ്ദ്ധർ ഉൾപ്പടെയുള്ള മുപ്പതംഗ സംഘമാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതിനൊപ്പം റോബോട്ടിനെ ഉപയോഗിച്ചുള്ള പ്രവർത്തനവും തുടരും. തോട്ടിൽ ചെളിയും മാലിന്യവും കുമിഞ്ഞുകൂടിയിരിക്കുകയാണെന്നാണ് എൻഡിആർഎഫ് സംഘം പറയുന്നത്.

തമ്പാനൂരിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം മാറ്റാൻ ശ്രമിക്കവെ മാരായമുട്ടം മലഞ്ചെരുവ് വീട്ടിൽ നേശമണിയുടെയും മേരിയുടെയും മകൻ എൻ.ജോയിയെ (45) ഇന്നലെ രാവിലെ 11.30 മുതലാണ് കാണാതായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RESCUEOPERATION, MISSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA