
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തിയോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 150 സമ്മേളനങ്ങൾ സംഘടിപ്പിക്കും.21 മുതൽ 27 വരെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചാണ് സമ്മേളനങ്ങൾ .ശ്രീനാരായണ മാസാചരണത്തിന്റെയും ധർമ്മചര്യാ യജ്ഞത്തിന്റെയും ഭാഗമായി 17 മുതൽ സെപ്റ്റംബർ 24ന് ബോധാനന്ദസ്വാമിയുടെ സമാധി ദിനം വരെ ആയിരം പ്രാർഥനായോഗങ്ങളും സംഘടിപ്പിക്കും.
ഈ കാലയളവ് ഗുരുഭക്തരുടെ നോമ്പു കാലമായി ആചരിക്കുന്നതിനാൽ ചിങ്ങം 1 മുതൽ 38 ദിവസങ്ങളിൽ ഗുരുദേവകൃതികളുടെ പാരായണം,പ്രാർഥനായോഗങ്ങൾ,പ്രഭാഷണങ്ങൾ, ഗൃഹസന്ദർശന പരിപാടികൾ എന്നിവ സഭയുടെ ജില്ലാ,മണ്ഡലം,യൂണിറ്റ് തലങ്ങളിൽ സംഘടിപ്പിക്കും.ശിവഗിരി മഠത്തിൽ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ചേർന്ന സഭ കേന്ദ്ര സമിതി-ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
. തിരുവനന്തപുരം നഗരത്തിൽ ഡോ.പൽപ്പുവിന്റെ പ്രതിമ സ്ഥാപിക്കുക,കേരള ആരോഗ്യ സർവകലാശാലയ്ക്കും,സംസ്ഥാനത്തെ പുതിയ മെഡിക്കൽ കോളേജിനും ഡോ.പൽപ്പുവിന്റെ പേര് നൽകുക എന്നീ പ്രമേയങ്ങൾ വൈസ് പ്രസിഡന്റ് ഡോ.പി. ചന്ദ്രമോഹനൻ അവതരിപ്പിച്ചു. സാമുദായിക, സാമൂഹിക നീതി നൽകാതെ അടിസ്ഥാന ജനവിഭാഗങ്ങളോട് മാറിമാറി വരുന്ന സർക്കാരുകൾ കാണിക്കുന്ന വിവേചനത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തി.അസിസ്റ്റന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ,ആറ്റിങ്ങൽ കൃഷ്ണൻകുട്ടി,അമ്പിളി ഹാരിസ് (പാലക്കാട്),ലക്ഷ്മണൻ (എറണാകുളം) എന്നിവർ സംസാരിച്ചു.
ഫോട്ടോ: ഗുരുധർമ്മ പ്രചരണ സഭയുടെ കേന്ദ്ര സമിതി യോഗത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സംസാരിക്കുന്നു. സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ,ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ എന്നിവർ സമീപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |