
പത്തനംതിട്ട: പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾക്കു ശേഷം വസതിയിലേക്ക് മടങ്ങിയ അബിൻ വർക്കി എം.എൽ.എയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. പരിക്കേറ്റ എം.എൽ.എയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്ക് ഒടിവുണ്ടായി. വാഹനത്തിൽ തല ഇടിച്ചു. സി.ടി സ്കാനിംഗിന് വിധേയനാക്കി. ചൊവ്വാഴ്ച രാത്രി 11.45ന് പുത്തൻപീടിക ഷട്ടർമുക്ക് ജംഗ്ഷനിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഡ്രൈവർ വിഷ്ണു, ജെറിൻ, അരുൺ എന്നിവർക്കും നിസാര പരിക്കേറ്റു.
എതിരേവന്ന കാറിലുണ്ടായിരുന്ന അതുമ്പുംകുളം സ്വദേശി സജിയുടെ നട്ടെല്ലിന് പരിക്കുണ്ട്. ഇദ്ദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ്.
കാറുകളുടെ മുൻവശം തകർന്നു. ആറൻമുളയിലെ പ്രളയരക്ഷാപ്രവർത്തനത്തിനു ശേഷം പത്തനംതിട്ടയിലെ ഓഫീസിലെത്തി ജോലികൾ പൂർത്തിയാക്കി പ്രക്കാനത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അബിൻ വർക്കി. ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയശേഷമാണ് തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |