
കൊച്ചി: സംസ്ഥാനത്ത് സിസേറിയൻ പ്രസവങ്ങളുടെ നിരക്ക് കുത്തനെ ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ദേശീയ കുടുംബാരോഗ്യ സർവേയിലെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.മെഡിക്കൽ കാരണങ്ങളില്ലാതെയാണ് ഭൂരിഭാഗം സ്ത്രീകളും സീ- സെക്ഷൻ തിരഞ്ഞെടുക്കുന്നതെന്നാണ് ശ്രദ്ധേയം.ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം പ്രസവങ്ങളിൽ സിസേറിയൻ നിരക്ക് 10 മുതൽ 15 ശതമാനം വരെയാകുന്നതാണ് ആരോഗ്യകരം. എന്നാൽ കേരളത്തിൽ 41.3 ശതമാനവും സിസേറിയനാണ്.കേരളത്തിൽ പ്രസവങ്ങളിൽ 99.7 ശതമാനവും ആശുപത്രികളിലാണ്. സർവേ നടത്തിയ 6.79 ലക്ഷം വീടുകളിൽ 13,005 വീടുകൾ കേരളത്തിലേതാണ്. 7,16,397 സ്ത്രീകളിലാണ് പഠനംനടത്തിയത്.സംസ്ഥാനത്തെ സിസേറിയൻ പ്രസവങ്ങളിൽ 41.6 ശതമാനം നഗരമേഖലയിലും 41.0 ശതമാനം ഗ്രാമീണമേഖലയിലുമാണ്.
സ്വകാര്യ ആശുപത്രിയിൽ കൂടുതൽ
സ്വകാര്യ ആശുപത്രികളിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ 42.5 ശതമാനവും സിസേറിയനാണ്. സർക്കാർ ആശുപത്രികളിൽ 39.3 ശതമാനവും.
സിസേറിയനുള്ള കാരണങ്ങൾ
ഗർഭധാരണ പ്രായം ഉയരുന്നത് സങ്കീർണതകൾ വർദ്ധിപ്പിക്കുന്നു
രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവ സ്വാഭാവിക പ്രസവത്തിനുള്ള സാദ്ധ്യത കുറയ്ക്കുന്നു
പ്രസവവേദന ഭയന്ന് സ്വമേധയാ സിസേറിയൻ ആവശ്യപ്പെടുന്നു
അമ്മയുടെയും കുഞ്ഞിന്റെയും ജീവന് നേരിയ റിസ്ക് എടുക്കാൻപോലും ഡോക്ടർമാർ തയ്യാറാകുന്നില്ല.
ആധുനിക സാങ്കേതികവിദ്യകളുടെ അമിതസ്വാധീനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |