SignIn
Kerala Kaumudi Online
Thursday, 06 August 2026 1.38 AM IST

കൈവിട്ട ആയുധവും വാവിട്ട വാക്കും

ss

'കഷ്ടകാല സമയത്ത് വാക്ക് വാളായി മാറും' എന്നു പറയാറുണ്ട്. കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ലെന്ന് മറ്റൊരു ചൊല്ലുമുണ്ട്. രണ്ട് ചൊല്ലുകളും അച്ചെട്ടായത് സംസ്ഥാന മന്ത്രിസഭിയലെ മാന്യന്മാരായ രണ്ട് മന്ത്രിമാർക്കാണ്. ഗതാഗതവകുപ്പ് മന്ത്രി സി.പി ജോണിനും ആരോഗ്യ-ദേവസ്വം മന്ത്രി കെ.മുരളീധരനും. ആരെയും വേദനിപ്പിക്കുന്ന വിധത്തിലുള്ള പരാമർശങ്ങൾ സാധാരണ നടത്താറുള്ള രാഷ്ട്രീയ നേതാക്കളല്ല രണ്ട് പേരും. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ പറഞ്ഞു പോയതാണെന്ന് ഇവരെ അറിയുന്നവർക്ക് ബോദ്ധ്യമുണ്ടാവും. എങ്കിലും ഇത് മറ്റു മന്ത്രിമാർക്ക് കൂടി ഒരു പാഠമാവേണ്ടതാണ്.പ്രിയദർശനി ബസ് യാത്രയുടെ വർണ്ണനയാണ് സി.പി.ജോണിനെ വിവാദത്തിൽ ചാടിച്ചത്. മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ മത്സ്യതൊഴിലാളികൾക്ക് വേണ്ടി സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളുടെ വിശദീകരണത്തിനിടെ വന്ന ചില വാക്കുകളാണ് കെ.മുരളീധരന് വിനയായത്.സി.പി.ജോൺ ഖേദം പ്രകടിപ്പിച്ച് വിവാദത്തിന് വിരാമമിട്ടു. കെ.മുളീധരൻ വിശദീകരണവുമായി വന്നിട്ടില്ല.

അങ്ങ് ഡൽഹിയിൽ നിന്ന് വിമാനംപിടിച്ച് കേരളത്തിലെത്തി കോൺഗ്രസിന്റെ കരുത്തനായ നേതാവ് രാഹുൽഗാന്ധി നടത്തിയ അഞ്ചു പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര. കന്യാകുമാരി മുതൽ കശ്മീർ വരെ , വിദേശ കമ്പനി സ്പോൺസർ ചെയ്ത 14,​000 രൂപ വിലയുള്ള ഷൂസും ധരിച്ച് ,​ തട്ടുകടകളിൽ നിന്ന് ചെറുകടിയും ചായയും കഴിച്ച് വെറും സാധാരണക്കാരനായി ഭാരത് ജോഡോ യാത്ര നടത്തിയ ചരിത്രമുള്ള നേതാവാണ് രാഹുൽഗാന്ധി. വെയിലും മഞ്ഞും മഴയും വക വയ്ക്കാതെയാണ് ഇത്രയും ഭീമമായ ദൂരം സ്വന്തം കാലിൽ അദ്ദേഹം താണ്ടിയത്. കായികതാരം കൂടിയായിരുന്ന കെ.സി വേണുഗോപാൽ പോലും രാഹുൽജിക്ക് ഒപ്പം നടക്കാൻ ശ്രമിച്ച് മുക്കറയിടുന്നത് യാത്രയ്ക്കിടെ കണ്ടതാണ്. കാര്യമിങ്ങനെയാണെങ്കിലും കേരളത്തിലെ കെ.എസ്.ആർ.ടി.സിയുടെ നടത്തിപ്പും അതിന്റെ സാമ്പത്തിക ഭദ്രതയുമൊന്നും അത്ര വശമില്ലാത്ത രാഹുൽഗാന്ധി സൗജന്യയാത്ര പ്രഖ്യാപിച്ചപ്പോൾ ജനം കൈയ്യടിച്ചെങ്കിലും മന്ത്രിപദം മോഹിച്ചിരുന്നവരുടെ ചങ്കിൽ അന്നേ തീ വീണതാണ്.

ഓണം വില്പനയെന്നും ക്രിസ്മസ് മേളയെന്നുമൊക്കെ പറഞ്ഞ് ഒന്നിനൊന്ന് ഫ്രീയും ആദായവില്പനയുമൊക്കെ വാഗ്ദാനം ചെയ്ത് കച്ചവടത്തിന് ആളെക്കൂട്ടുന്ന തന്ത്രം നന്നായി ചെലവാകുന്ന സംസ്ഥാനമാണ് കേരളം. ഇത്തരം സൗജന്യങ്ങളോട് സാധാരണ ജനത്തിന് ഒരു മമത തോന്നിയാൽ അത് കുറ്റവുമല്ല.

പ്രിയദർശിനി ബസുകളിലെ സൗജന്യയാത്രയ്ക്ക് എത്ര ആൾ കൂടുന്നോ അത്രയും സ്വീകാര്യത സർക്കാരിന്റെ പുതിയ തീരുമാനത്തിന് കിട്ടുകയാണെന്ന തിരിച്ചറിവില്ലാത്ത ആളല്ല മന്ത്രി സി.പി.ജോൺ. ധനകാര്യ മാനേജ്മെന്റിനെക്കുറിച്ചൊക്കെ നല്ല ധാരണയുള്ള രാഷ്ട്രീയക്കാരനുമാണ്. പ്രിയദർശനി യാത്രയെ സ്നേഹിക്കുമ്പോൾ തന്നെ സർക്കാർ സ്കൂളുകളോട് ചെറിയൊരു വിഭാഗമെങ്കിലും കാട്ടുന്ന വിപ്രതിപത്തിയും സർക്കാർ ആശുപത്രികൾ വഴി ആയിരങ്ങൾക്ക് സർക്കാർ നൽകുന്ന സേവനത്തിന്റെ മഹത്വവുമൊക്കെ ഒന്നു താരതമ്യം ചെയ്തു പറയുകയാണ് മന്ത്രി ചെയ്തത്. പക്ഷെ ചക്കിന് വച്ചത് കൊക്കിന് കൊണ്ടെന്ന് പറയും പോലെയായി അദ്ദേഹത്തിന്റെ വാക്കുകളുടെ സഞ്ചാരം. വിവാദങ്ങൾക്ക് തിരികൊളുത്താൻ അവസരം പാർക്കുന്നവർക്ക് ഇത്ര മതിയല്ലോ,​ കളം കൊഴുപ്പിക്കാൻ. കളം നല്ലപോലെ കൊഴുത്തു,​ എലിപ്പത്തായത്തിൽ വീണ മട്ടിലായി മന്ത്രി. എന്നാൽ അഭിനവ കമ്യൂണിസ്റ്റ് ആചാര്യൻ എം.എ ബേബിയുടെ ഭാഷ കടമെടുത്താൻ, 'അവധാനത'യോടെയാണ് സി.പി ജോൺ വിഷയത്തെ കൈകാര്യം ചെയ്തത്. (ഒരു ബുദ്ധിജീവിയുടെ പ്രയോഗം മറ്റൊരു ബുദ്ധിജീവിക്ക് വേണ്ടി കടമെടുക്കാമല്ലോ). സ്ത്രീകളെക്കുറിച്ചുള്ള തന്റെ പരാമർശത്തിൽ അദ്ദേഹം നിരുപാധികം ഖേദം പ്രകടിപ്പിച്ചു. ആരെയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും കൂടി പറഞ്ഞ് സി.പി.ജോൺ വിവാദം ഒരുവിധം കരയടുപ്പിച്ചു.

ഇതിന്പിന്നാലെയായിരുന്നു കെ.മുരളീധരന്റെ ഊഴം. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും മത്സ്യതൊഴിലാളികളെ കടലിൽ കാണാതായതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്നതിനിടെ ആയിരുന്നു മുരളീധരന്റെ നാക്ക് സ്ലിപ്പായത്. മനസിൽ തെറ്റായ ചിന്തയുണ്ടായിരുന്നില്ലെങ്കിലും മന്ത്രിയുടെ വാക്കുകൾ മത്സ്യത്തൊഴിലാളി സമൂഹത്തിന് വേദനയുണ്ടാക്കും വിധത്തിലായിപ്പോയി. വൈകാരികമായ ഇത്തരം സന്ദർഭങ്ങളിൽ പറയുന്ന ഓരോ വാക്കുകൾക്കും പിന്നീൽ ഒരു ജാഗ്രത വേണമല്ലോ. അർത്ഥ ശങ്കയ്ക്ക് ഇടമില്ലാത്ത വിധം കാര്യങ്ങൾ പറയാനും വാക്കുകളെ സന്ദർഭോചിതമായി ഉപയോഗിക്കാനും കഴിവുള്ള മന്ത്രിയിൽ നിന്ന് ഇത്തരം പരാമർശങ്ങൾ വരുമ്പോൾ അതിന്റെ കടുപ്പം ഏറുകയും ചെയ്യു. രാഷ്ട്രീയത്തിന്റെ പേരിൽ ഇതിനെയെല്ലാം പൊലിപ്പിക്കാൻ ചെറിയൊരു വിഭാഗം കടയും തുറന്നുവച്ച് ഇരിപ്പുമുണ്ട്.

സ്വന്തം വീട്ടിലെ ഒരംഗത്തെ കടലിൽ കാണാതെ വരികയും പ്രതീക്ഷയോടെ അവർ കാത്തിരിക്കുകയും ചെയ്യുമ്പോൾ ആശ്വാസവാക്കുകൾ മാത്രമാവും കേൾക്കാൻ അവർ ആഗ്രഹിക്കുക. അവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കും വിധമുള്ള ഒരു പരാമർശത്തോടും സന്ധിചെയ്യാൻ അവർ തയ്യാറാവണമെന്നില്ല. എങ്കിലും ജനങ്ങളുടെ എല്ലാ സുഖദുഃഖങ്ങളിലും ഒപ്പമുണ്ടാവാറുള്ള ജനപ്രതിനിധികൾക്ക് ഒരു നാക്കുപിഴയുണ്ടായാൽ അത് മനസിലാക്കി അവരോട് പൊറുക്കാനുള്ള മനസും ഉണ്ടാവേണ്ടതാണ്.

ഇതുകൂടി കേൾക്കണേ

ഏതു പരീക്ഷണ ഘട്ടത്തിലും പ്രതിസന്ധിയിലും, ജനാധിപത്യ സമ്പ്രദായം നിലനിൽക്കുന്നിടത്തോളം ജനങ്ങൾ അവസാന ആശ്രയമായി കാണുന്നത് ജനപ്രതിനിധികളെയാണ്. കക്ഷിരാഷ്ട്രീയമെന്തായാലും ജനങ്ങളുടെ കാണപ്പെട്ട ദൈവങ്ങളാണ് ജനപ്രതിനിധികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA