SignIn
Kerala Kaumudi Online
Monday, 25 May 2026 1.49 PM IST

വി.എസിന്റെ മകന് ആശ്വാസം: നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: വി.എസ്. അച്യുതാനന്ദന്റെ മകൻ ഡോ. വി.എ. അരുൺകുമാറിന് ഐ.എച്ച്.ആർ.ഡിയിൽ ഡയറക്ടർ നിയമനം നൽകിയതിൽ ക്രമക്കേട് ആരോപിച്ച ഹർജി ഹൈക്കോടതി തള്ളി. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഇൻ ചാർജായ ഡോ. അരുൺകുമാറിനെ സ്ഥിരം ഡയറക്ടറാക്കാനുള്ള സാദ്ധ്യതയടക്കം ചൂണ്ടിക്കാട്ടി അപേക്ഷകനും എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഡീനുമായ ഡോ. വിനു തോമസ് നൽകിയ ഹർജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് തള്ളിയത്.

2024 മാർച്ചിലെ വിജ്ഞാപനപ്രകാരം, സ്ഥിരം ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ ആർക്കും സെലക്ഷൻ കമ്മിറ്റി നിശ്ചയിച്ച 60 ശതമാനം മാർക്ക് ലഭിച്ചിരുന്നില്ല. നടപടികൾ റദ്ദാക്കി പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഡയറക്ടർ പോലുള്ള ഉയർന്ന തസ്തികകളിലേക്ക് നിയമനം നടത്തുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സ്ഥാപനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. വിജ്ഞാപനത്തിൽ തന്നെ കുറഞ്ഞ മാർക്ക് വെളിപ്പെടുത്തണമെന്ന് നിയമപരമായ ബാദ്ധ്യതയില്ല. 60 ശതമാനം മാർക്ക് നിശ്ചയിച്ചത് നിയമവിരുദ്ധമോ ഏകപക്ഷീയമോ ആയി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അരുൺകുമാറിന് നൽകിയ മാർക്കിനെക്കുറിച്ചുള്ള തർക്കം ഇപ്പോൾ പ്രസക്തമല്ല. കാരണം, അദ്ദേഹം ഉൾപ്പെടെയുള്ള ഒരു ഉദ്യോഗാർത്ഥിക്കും നിശ്ചിത കട്ട് ഓഫ് മാർക്ക് ലഭിച്ചിട്ടില്ല. അരുൺകുമാർ 1997ൽ അസി. ഡയറക്ടറായി നിയമിതനായതിനെയടക്കം ഇപ്പോൾ ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണോ അരുൺ പദവിയിലെത്തിയതെന്ന് പരിശോധിക്കാൻ മുമ്പ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് അത് സ്റ്റേ ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ നിയമന നടപടികളിൽ അപാകതയില്ലെന്ന് കണ്ട് കോടതി ഹർജി തള്ളുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA