
ന്യൂഡൽഹി: സി.ബി.എസ്.ഇയുടെ ത്രിഭാഷാ പദ്ധതിക്ക് തുടക്കം കുറിക്കേണ്ടത് ആറാം ക്ലാസിലാണെന്നും ഒൻപതിലല്ലെന്നും സുപ്രീം കോടതി. ഈ അദ്ധ്യയന വർഷം ആറു മുതൽ ഒൻപതു വരെ ക്ളാസുകളിൽ ഒരേസമയം പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഇതിനോട് വിയോജിച്ച് കോടതി അഭിപ്രായം പറയുകയിയിരുന്നു.
തമിഴ് നാട്ടിലെ എല്ലാ ജില്ലകളിലും ത്രിഭാഷാ പദ്ധതി ബാധകമായ ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ കേന്ദ്രത്തോട്
സഹകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ അന്നത്തെ ഡി.എം.കെ സർക്കാർ നൽകിയ അപ്പീലാണ്
ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. മൂന്നാം ഭാഷ പഠിപ്പിക്കണമെന്നുണ്ടെങ്കിൽ അതുആറാം ക്ളാസിൽ ആദ്യം കൊണ്ടുവരണമെന്ന് കേന്ദ്രസർക്കാരിനോട് സന്ദർഭവശാൽ കോടതി പറയുകയായിരുന്നു. വിദ്യാർത്ഥികളിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ സമ്മർദ്ദം എട്ടാം ക്ലാസ് അവസാനിക്കുമ്പോൾ തന്നെ തുടങ്ങും.അതിനാൽ പുതിയൊരു ഭാഷയുടെ ഭാരം ഒൻപതാം ക്ളാസിൽ അടിച്ചേൽപ്പിക്കരുത്. അതു വിദ്യാർത്ഥികളിൽ മാനസിക പിരിമുറുക്കമുണ്ടാക്കും.ത്രിഭാഷാ പദ്ധതി സ്റ്റേ ചെയ്യാൻ കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ മറ്റൊരു ബെഞ്ച് തയ്യാറായിരുന്നില്ല. ഭാഷ പഠിക്കുന്നത് പാഴ്‌വേലയായി മാറില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കമെന്നാണ് തമിഴ് നാടിന്റെ ആശങ്ക. മൂന്നാം ഭാഷയായി ഹിന്ദി എടുക്കണമെന്ന് നിർബന്ധമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. തമിഴ്നാടിന് സ്വന്തമായി വിദ്യാഭ്യാസ സംവിധാനമുണ്ടായിരിക്കാം. പക്ഷെ കേന്ദ്ര സർക്കാർ സ്‌കൂളുകളെ എതിർക്കരുത്. ഭരണം മാറി സി. ജോസഫ് വിജയ് സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തിൽ പുതിയ സർക്കാരിന്റെ നിലപാട് അറിയണമെന്ന് കോടതി പറഞ്ഞു. ആഗസ്റ്റ് 11ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |