
ന്യൂഡൽഹി: കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ പ്രിയ വർഗീസിന്റെ നിയമനത്തിലെ യു.ജി.സിയുടെ വാദങ്ങൾ നിലനിൽക്കുമോയെന്ന് സുപ്രീംകോടതിക്ക് സംശയം. പ്രിയക്ക് എട്ടുവർഷത്തെ അദ്ധ്യാപന പരിചയമില്ലെന്നും, ഗവേഷണ കാലഘട്ടത്തെ അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നുമാണ് യു.ജി.സിയുടെ നിലപാട്. എന്നാൽ കണ്ണൂർ സർവകലാശാലയിൽ ഗവേഷണം നടത്തിയ സമയത്ത് പ്രിയ തൃശൂർ കുന്നംകുളം ശ്രീവിവേകാനന്ദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നില്ലേയെന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. അവധിയെടുക്കാതെയാണ് ഗവേഷണം നടത്തിയത്. അതിനാൽ അദ്ധ്യാപന പരിചയമായി കണക്കാക്കുന്നതിൽ തെറ്റെന്താണ്?. സർവീസിലിരിക്കെ അവധിയെടുക്കാതെ ഗവേഷണം നടത്തുന്നവരുടെ കാര്യത്തിൽ ഇളവ് പരിഗണിക്കാൻ കഴിയില്ലേയെന്നും കോടതി ചോദിച്ചു. കേരളത്തിൽ ഭരണം മാറിയതോടെയാണ് തനിക്ക് യോഗ്യതയില്ലെന്ന നിലപാട് സർക്കാരും കണ്ണൂർ സർവകലാശാലയും സ്വീകരിച്ചതെന്ന് പ്രിയ നേരത്തെ വാദിച്ചിരുന്നു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയാണ് പ്രിയ. നിയമനം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സിയും, അദ്ധ്യാപകൻ ജോസഫ് സ്‌കറിയയും സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. വാദം പൂർത്തിയായതിനെ തുടർന്ന് വിധി പറയാൻ മാറ്റി. കക്ഷികൾക്ക് വാദങ്ങൾ പ്രത്യേകമായി സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |