
കോഴിക്കോട്: നടനും മുൻ എം പിയുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസിൽ പരാതിക്കാരിയായ മാദ്ധ്യപ്രവർത്തകയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നടക്കാവ് പൊലീസ് സ്റ്റേഷനിൽ വച്ചാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. സുരേഷ് ഗോപിയ്‌ക്കെതിരായ പരാതിയിലെ കാര്യങ്ങൾ മാദ്ധ്യമപ്രവർത്തക മൊഴിയിൽ ആവർത്തിച്ചു. സുരേഷ് ഗോപിയ്‌ക്കെതിരെ ഐ പി സി 354 എ വകുപ്പ് പ്രകാരം ലെെംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ രണ്ട് വർഷം തടവോ അല്ലെങ്കിൽ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാം.
കഴിഞ്ഞ ദിവസം കോഴിക്കോട് തളിയിൽ സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങൾ ചോദിച്ച മാദ്ധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോരി കെെ വയ്ക്കുകയായിരുന്നു. കൈ വയ്‌ക്കുമ്പോൾ തന്നെ അവർ അത് തട്ടിമാറ്റുന്നുണ്ട്. എന്നാൽ വീണ്ടും തോളിൽ കെെവയ്ക്കാൻ വരുകയും യുവതി കൈ തട്ടി മാറ്റുകയും ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിതിന് പിന്നാലെ വലിയ ചർച്ചയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ച് രംഗത്തുവന്നിരുന്നു.
'ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു'- എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |