SignIn
Kerala Kaumudi Online
Saturday, 07 November 2026 1.12 AM IST

 സംശയിച്ച് ഹൈക്കോടതി -- തച്ചങ്കരിയുടെ ആശുപത്രി വാസം കള്ളത്തരമോ!  വിശദമായി പരിശോധിക്കും  വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കും

aa

കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ആശുപത്രിവാസത്തിലെ സത്യസന്ധത സംശയിച്ച് ഹൈക്കോടതി. ജയിൽ സെല്ലിൽ കിടക്കുന്നത് ഒഴിവാക്കാനുള്ള ഗിമ്മിക്കായിരുന്നോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. അസുഖങ്ങൾ ചൂണ്ടിക്കാട്ടി ജയിൽ ആശുപത്രിയിൽ അഡ്മിറ്റായതിലെ വസ്തുത പരിശോധിക്കും.

ജാമ്യം ലഭിച്ചയുടൻ തച്ചങ്കരി വിദേശത്ത് ജോലിയിൽ പ്രവേശിക്കാൻ അനുമതി തേടിയിരുന്നു. തുടർന്നാണ് കോടതി സംശയം ഉന്നയിച്ചത്. ജയിലിലെത്തിയ സെപ്തംബർ 17മുതൽ മോചിതനായ ഒക്ടോബർ 15വരെ ആശുപത്രിയിലായിരുന്നു. ജയിലിലായിരുന്നപ്പോൾ പതിനായിരം രോഗം. ഒരുദിവസംപോലും സെല്ലിൽ കിടന്നിട്ടില്ല. പുറത്തിറങ്ങിയപ്പോൾ വിദേശജോലിക്ക് പ്രാപ്തനാണെന്നു പറയുന്നു. ഇത് കടുത്ത വൈരുദ്ധ്യമാണ്. വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കാൻ മടിക്കില്ലെന്നും കോടതി വാക്കാൽപ്പറഞ്ഞു. കോടതി നിർദ്ദേശപ്രകാരം മെഡിക്കൽ റിപ്പോർട്ട് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. 2009ൽ ബൈപ്പാസ് സർജറിക്ക് വിധേയനായ തച്ചങ്കരിക്ക് ഹൃദ്രോഗം, ശ്വാസതടസം, സോറിയാസിസ് തുടങ്ങിയ അസുഖങ്ങളുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. വിമാനയാത്രയിലടക്കം ശ്വസന ഉപകരണങ്ങളുടെ സഹായം തേടുന്നുണ്ടെന്ന് തച്ചങ്കരിയുടെ അഭിഭാഷകരും ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ളയാൾ വിദേശത്ത് ജോലിചെയ്യുന്നതെങ്ങനെയെന്ന ചോദ്യം കോടതി ആവർത്തിച്ചു. റിപ്പോർട്ടുകൾ പരിശോധിച്ച് വിശദവാദത്തിനായി കേസ് 12ലേക്ക് മാറ്റി.

വിജിലൻസ് കോടതി തച്ചങ്കരിയെ നാലുവർഷം തടവിനാണ് ശിക്ഷിച്ചത്. അപ്പീലിൽ കർശന ഉപാധികളോടെയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. അപ്പീലിൽ അന്തിമവാദം ശേഷിക്കേയാണ് വിദേശയാത്രാനുമതിതേടി അപേക്ഷ നൽകിയത്. ഷാർജയിലെ സ്വർണവ്യാപാര സ്ഥാപനത്തിൽ മാനേജരായി ജോലിയുണ്ടെന്നും ഉടൻ എത്തിയില്ലെങ്കിൽ ജോലിനഷ്ടപ്പെടുമെന്നുമാണ് തച്ചങ്കരി വാദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOMIN J THACHANKARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA