
തിരുവനന്തപുരം/ കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി നൽകിയ കത്തിൽ ഗുരുതര ആരോപണങ്ങൾ. വീണാ വിജയന്റെ കുറിപ്പുകളും മൊഴികളും അടിസ്ഥാനമാക്കിയാണിത്. മുഹമ്മദ് റിയാസിന്റെ പങ്കിനെക്കുറിച്ച് മൊഴികളുടെ അടിസ്ഥാനത്തിൽ നിരവധി പരാമർശങ്ങളും റിപ്പോർട്ടിലുണ്ട്. മുഹമ്മദ് റിയാസ് പണം ഹവാലയായി വിദേശത്തേക്ക് കടത്തിയെന്നാണ് ഇ.ഡി.പറയുന്നത്. മാസപ്പടിയായി കിട്ടിയ തുകയും ഇതിലുണ്ട്.
വീണയുടെ കുറിപ്പുകളിൽ നിന്നും ഡിജിറ്റൽ രേഖകളിൽ നിന്നുമായി ഇന്ത്യയിലും ദുബായിലുമായുള്ള 20.85കോടിയുടെ കള്ളപ്പണ ഇടപാടിന്റെ രേഖകളാണ് ഇ.ഡി കത്തിലുള്ളത്. വീണയുടെയും റിയാസിന്റെയും പൂർണ അറിവോടെ സുഹൃത്തുക്കൾ വഴി 2024 ജൂലായ് മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ വിദേശത്തേയ്ക്കു ഹവാല പണമിടപാടുകൾ നടത്തി. അഞ്ചു തവണയായി ദുബായിലേക്ക് പണം കടത്തി. 2024 മേയിൽ വീണ നടത്തിയ 16 ദിവസത്തെ ദുബായ് യാത്രയെക്കുറിച്ചുള്ള വിവരങ്ങളും ഇ.ഡി തേടിയിട്ടുണ്ട്.
വസ്ത്രവ്യാപാരത്തിന്റെ മറവിൽ ദുബായിൽ ബിനാമി കമ്പനി സ്ഥാപിച്ച് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു. ഹവാല ഇടപാടുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ മിനിസ്റ്റർ റിയാസ് എന്ന പേരിൽ ഫോൺ നമ്പർ സേവ് ചെയ്തിട്ടുണ്ടെന്നും ഇ.ഡി പറയുന്നു.
'റെഡ് ബുക്കി'ലെ
കണക്കുകൾ
പിണറായി വിജയനൊപ്പം വീണാ വിജയൻ താമസിച്ച വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത റെഡ് ബുക്കിലെ മൂന്ന്, ആറ് പേജുകളിലും പണമിടപാട് കണക്കുകൾ വീണ എഴുതിയിട്ടുണ്ടെന്നും ഇ.ഡി കത്തിൽ പറയുന്നു. വെള്ളപ്പേപ്പറിൽ എഴുതിയ മറ്റൊരു കണക്കുമുണ്ട്.
മൂന്ന്, ആറ് പേജുകളിൽ
റെഡ് ബുക്കിലെ മൂന്ന്, ആറ് പേജുകളിലും പണമിടപാട് കണക്കുകൾ വീണ എഴുതിയിട്ടുണ്ട് ഇ.ഡി.മൂന്നാംപേജിൽ (2024 സെപ്‌തംബർ 17വരെ) ആകെ നിക്ഷേപം 282,600 എ.ഇ.ഡി (യു.എ.ഇ ദിർഹം), ഫൈജാസിന് നൽകിയത് 146,600 ദിർഹം, അക്കൗണ്ട് ബാലൻസ് 136,002 ദിർഹം എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. ആകെ ചെലവ് ഫൈജാസിന് 56,430.91 ദിർഹം, ഇവിടെ നിന്ന് അയച്ചത് 85 ലക്ഷം, ഫൈജാസിന് കിട്ടിയത് 349 കെ (ദിർഹം)
പ്രതീക്ഷിക്കുന്ന മിച്ചം 292570 (ദിർഹം) എന്നിങ്ങനെയും എഴുതിയിട്ടുണ്ട്.
വെള്ളപേപ്പറിലെ കണക്ക്
നിഖിൽ (3 കോടി), വാരിസ് (1.2 കോടി ), ഷൈജൽ (1+ 3 കോടി). മൊത്തം ഫണ്ട് 20.05 കോടി. കൈയിലുള്ളത് 3.7 കോടിയെന്നും വീണ എഴുതിയിട്ടുണ്ട്.
സി.എം.ആർ.എൽ
ജനറൽ മാനേജരെ
ചോദ്യം ചെയ്തു
കൊച്ചി: മാസപ്പടിക്കേസിൽ സി.എം.ആർ.എൽ കമ്പനി ജനറൽ മാനേജർ മനോഹർദാസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തു. നോട്ടീസ് പ്രകാരം ഇന്നലെ രാവിലെ 11ന് ഹാജരായ അദ്ദേഹം വൈകിട്ട് മടങ്ങി. മാസപ്പടി ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങളാണ് തേടിയത്. നേരത്തെയും മനോഹർദാസിനെ ചോദ്യം ചെയ്തിരുന്നു. സി.എം.ആർ.എല്ലിന്റെ മുൻ ഓഡിറ്റർമാരെയും കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |