SignIn
Kerala Kaumudi Online
Friday, 11 September 2026 3.46 AM IST

42 വർഷം ഭരിച്ച പഞ്ചായത്ത് യു ഡി എഫിന് നഷ്‌ടമാകുന്നു? രണ്ട് ദിവസത്തിനുളളിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് മുല്ലപ്പളളിക്ക് ഗോപിനാഥിന്റെ മുന്നറിയിപ്പ്

mullappally-ramachandran

പാലക്കാട്: ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ ഡി സി സി അദ്ധ്യക്ഷൻ എ വി ഗോപിനാഥ് അടക്കം അംഗങ്ങളായ പെരിങ്ങോട്ടുകുറിശി ഗ്രാമപഞ്ചായത്തിന്റെ ഭരണം യു ഡി എഫിന് നഷ്‌ടമായേക്കും. എ വി ഗോപിനാഥ് അടക്കമുളള യു ഡി എഫ് അംഗങ്ങൾ പഞ്ചായത്ത് സമിതിയിൽ നിന്ന് രാജിവയ്‌‌ക്കാനുളള നീക്കം ആരംഭിച്ചു. 42 വർഷമായി യു ഡി എഫിന്റെ കൈയിലുളള പഞ്ചായത്തിന്റെ ഭരണമാണ് ഇതോടെ ഒറ്റയടിക്ക് നഷ്‌ടമാകുന്നത്. പതിനാറംഗ ഭരണസമിതിയിൽ കോൺഗ്രസിന് 11 അംഗങ്ങളാണുളളത്. സി പി എമ്മിന് അഞ്ചംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്.

രാജി ചർച്ച ചെയ്യാൻ വൈകിട്ട് കോൺഗ്രസ് അംഗങ്ങളുടെ യോഗം ചേരുന്നുണ്ട്. രാജി പ്രഖ്യാപനത്തിലൂടെ പുതിയ സമ്മർദ്ദ തന്ത്രവുമായി കളത്തിലിറങ്ങാനാണ് എ വി ഗോപിനാഥിന്റെ ലക്ഷ്യം. രണ്ട് ദിവസത്തിനുളളിൽ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന് എ വി ഗോപിനാഥ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

എ വി ഗോപിനാഥുമായി സമവായചർച്ചയ്‌ക്ക് വി കെ ശ്രീകണ്‌ഠനടക്കം പോയെങ്കിലും കാര്യമുണ്ടായില്ല. ഗ്രൂപ്പില്ലാതെ കോൺഗ്രസിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും അതിന്റെ ഇരയാണ് താനെന്നുമാണ് എ വി ഗോപിനാഥ് പറയുന്നത്. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായശേഖരണം നടത്തുകയാണെന്നും, തന്നെ ഡി സി സി പ്രസിഡന്റാക്കാമെന്ന് നേരത്തേ ഉറപ്പ് നൽകിയതാണെന്നും എ വി ഗോപിനാഥ് പറയുന്നു.

താനായിട്ട് നേതൃത്വത്തോട് ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ല. എന്തുകൊണ്ട് നടപ്പായില്ല എന്നുമറിയില്ല. തന്റെ പേര് നിർദേശിച്ച കാര്യം ചെന്നിത്തല അറിയിച്ചതുമാണ്. എന്നിട്ടുമത് നടപ്പായില്ല. താനിറങ്ങിയാൽ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് അത് പുതിയ ഊർജമാകും. അത് ചിലർക്കിഷ്‌ടമല്ലെന്നും എ വി ഗോപിനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS, KPCC, PALAKKAD CONGRESS, AV GOPINATH, MULLAPALLY, CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA