
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ മുൻ എൽ.ഡി.എഫ് സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും കൈവച്ചെന്ന് സി.എ.ജി കണ്ടെത്തൽ. ഇതിൽനിന്ന് 262 കോടിരൂപ വകമാറ്റി പൊതു ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന ട്രഷറി അക്കൗണ്ടിലേക്ക് മാറ്റി. ഇന്നലെ നിയമസഭയിൽ വച്ച 2024-25 സാമ്പത്തിക വർഷത്തെ ഒാഡിറ്റ് റിപ്പോർട്ടിലാണ് ഗുരുതരവീഴ്ച ചൂണ്ടിക്കാട്ടിയത്.
പ്രകൃതി ദുരന്തങ്ങളിൽ പെടുന്നവർക്കടക്കം ദുരിതാശ്വാസം ലഭ്യമാക്കാൻ പൊതുജനങ്ങളിൽ നിന്നും സർക്കാർ ജീവനക്കാരിൽ നിന്നുമുൾപ്പെടെ പിരിച്ചെടുക്കുന്നതാണ് ദുരിതാശ്വാസ നിധി. ഇത് മറ്റാവശ്യങ്ങൾക്ക് ചെലവഴിക്കാൻ പാടില്ല. വകമാറ്റിയത് ക്രമരഹിതമായ നടപടിയാണ്. സർക്കാർ നടപടി ഉത്തരവാദിത്വത്തിന്റെയും സാമ്പത്തിക ഔചിത്യത്തിന്റെയും ഗുരുതരമായ ലംഘനമെന്നും സി.എ.ജി.
അതേസമയം, ധനകമ്മിയും റവന്യുകമ്മിയും കുറച്ചുകാണിക്കാനുള്ള സാങ്കേതിക നടപടിയുടെ ഭാഗമായാണ് ട്രഷറിയിൽ നിക്ഷേപിച്ചതെന്നാണ് മുൻ സർക്കാർ സി.എ.ജിയോട് വിശദീകരിച്ചത്. തുക തിരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയിരുന്നുവെന്നും വ്യക്തമാക്കി. എന്നാൽ സി.എ.ജി ഇത് അംഗീകരിച്ചില്ല.
കൂടാതെ കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താനുള്ള 494.29 കോടി, വാട്ടർ അതോറിട്ടിയുടെ കുടിശിക തീർക്കാനുള്ള 719കോടി, സിവിൽ സപ്ളൈസ് കോർപ്പറേഷന് നെല്ലു സംഭരണവില നൽകാനുള്ള 551.94 കോടി എന്നിവയും വകമാറ്റിയെന്നും സി.എ.ജി. സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് വകമാറ്റലിന് ഇടയാക്കിയതെന്നും പരാമർശമുണ്ട്.
വരുമാനം കൂടുന്നില്ല, കടം പെരുകുന്നു
1. വരുമാനം കൂടുന്നതിനെക്കാൾ അധികംതോതിൽ കടം പെരുകുന്നതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് സി.എ.ജി. കിഫ്ബിയും സാമൂഹ്യസുരക്ഷാ ഫണ്ടും ഉണ്ടാക്കുന്ന അധികബാദ്ധ്യത, കേന്ദ്രത്തിൽനിന്ന് പ്രതീക്ഷിച്ച തുക കിട്ടാതിരുന്നത്, ചെലവ് നിയന്ത്രിക്കാൻ കഴിയാത്തത് എന്നിവയും പ്രതിസന്ധി രൂക്ഷമാക്കി.
2 സംസ്ഥാനത്തിന്റെ ഉത്പാദനം വളരുന്നത് 9.97%. എന്നാൽ, കടം പെരുകുന്നത് 11.34%. സർക്കാരിന്റെ തനത് വരുമാനം കൂടുന്നത് ഒരുശതമാനത്തിൽ താഴെ 0.31% മാത്രം. നിലവിൽ 12.48 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ ഉത്പാദനം. കടം 4.90 ലക്ഷം കോടി.
പിരിച്ചെടുക്കാത്ത
നികുതി 41,188 കോടി
വരവിനെക്കാൾ 48,248.14 കോടി കൂടുതൽ ചെലവ്
വരുമാനത്തിന്റെ 80%വും ചെലവിടുന്നത് പെൻഷനും ശമ്പളവും പലിശയും സബ്സിഡിയും കൊടുക്കാൻ
പിരിച്ചെടുക്കാത്ത നികുതികൾ 41,188.44 കോടി
പിരിച്ചെടുക്കാത്ത പൊതുമേഖലയിലെ ലാഭവിഹിതം 153.64കോടി
പാതിവഴിയിൽ നിലച്ച 2.04ലക്ഷം കോടിയുടെ 236പദ്ധതികളുടെ ബാദ്ധ്യത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |