
കോട്ടയം : ഭർത്താവിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിനെ മോശം രീതിയിൽ ചിത്രീകരിച്ച് സൈബർ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് ജെയ്‌ക് സി. തോമസിന്റെ ഭാര്യ ഗീതു പൊലീസിൽ പരാതി നൽകി. കോട്ടയം എസ്.പിക്കാണ് ഗീതു പരാതി നൽകിയത്. സൈബർ ആക്രമണം മാനസികമായി തളർത്തിയെന്നും അതാണ് ഈ അവസ്ഥയിലും പരാതി നൽകാൻ എത്തിയതെന്നും ഗീതു പറഞ്ഞു.
ഒൻപതു മാസം ഗർഭിണിയായ ഗീതു ജെയ്‌കിനൊപ്പം അടുത്തുള്ള വീടുകളിൽ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ മോശമായ രീതിയിൽ പ്രചരിപ്പിച്ചെന്നാണ് ഗീതു പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. കോൺഗ്രസ് അനുകൂലികളായ സ്ത്രീകൾ പോലും പോസ്റ്റിന് കമന്റും ഷെയറും നൽകിയെന്നും ഗീതു പറഞ്ഞു.
ജെയ്‌കിനെതിരെ ആദ്യം വ്യക്തിപരമായ രീതയിൽ അധിക്ഷേപിച്ചു. പിന്നീട് ജെയ്‌കിന്റെ സ്വത്തിനെക്കുറിച്ചും അച്ഛന്റെ പ്രായത്തെപ്പറ്റി പോലും മോശമായ രീതിയിൽ പ്രചാരണമുണ്ടായി. അവസാനം തനിക്കെതിരെയും അധിക്ഷേപവുമായി രംഗത്തെത്തി. വ്യക്തിപരമായി ആർക്കെതിരെയും ആരോപണങ്ങൾ ഉയർത്തുന്നത് ശരിയല്ല. അതിൽ രാഷ്ട്രീയമില്ലെന്നും ഗീതു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |