SignIn
Kerala Kaumudi Online
Sunday, 20 September 2026 5.04 AM IST

മുല്ലപ്പെരിയാർ പുതിയ അണക്കെട്ടിന് മുഖ്യമന്ത്രിതല യോഗം അടുത്തമാസം‌‌‌: മന്ത്രി കെ.കൃ‍ഷ്ണൻകുട്ടി

k-krishnankutty

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ തമിഴ്നാടുമായി ധാരണയിൽ എത്തുന്നതിനായി മുഖ്യമന്ത്രി തലത്തിൽ ഡിസംബറിൽ യോഗം ചേരുമെന്ന് മന്ത്രി കെ.കൃ‍ഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. പുതിയ അണക്കെട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലുമുള്ള വിവിധ യോഗങ്ങളിൽ പരിഗണിച്ചിരുന്നു. എന്നാൽ,​ സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് മുഖ്യമന്ത്രിതല യോഗം ചേരുന്നതെന്നും മന്ത്രി കെ.കൃ‍ഷ്ണൻകുട്ടി അറിയിച്ചു. പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധനയോടെയുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിച്ചുവരികയാണ്. പ്രഗതി ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് പരിസ്ഥിതി ആഘാത പഠനം നടത്താൻ 95 ലക്ഷം രൂപയ്ക്ക് കരാർ ഏൽപ്പിച്ചിരിക്കുന്നത്. പഠനത്തിനായി പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി ഡിസംബർ 20 വരെയാണ്. പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമായി കരാർ എടുത്തിട്ടുള്ളവർ രണ്ടു സീസണുകളുടെ ബേസ് ലൈൻ ഡാറ്റാ കളക്ഷൻ പൂർത്തീകരിച്ചു. മൂന്നാം സീസൺ പുരോഗമിക്കുന്നു. റിപ്പോർട്ടിന്റെ കരട് ഉടൻ സമർപ്പിക്കുമെന്നാണ് പഠനം നടത്തുന്നവർ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 പെട്ടെന്ന് പൊട്ടില്ല, ഭൂകമ്പം വന്നാൽ പ്രശ്നം!

മുല്ലപ്പെരിയാർ അണക്കെട്ട് പെട്ടെന്നൊന്നും പൊട്ടില്ലെന്നും ഭൂകമ്പം ഉണ്ടായാൽ മാത്രമേ പ്രശ്നം ഉണ്ടാവുകയുള്ളൂവെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. സുപ്രീംകോടതി നിശ്ചയിച്ച റൂൾ കർവ് പാലിക്കുന്നുണ്ട്. പൊട്ടുന്ന സാഹചര്യം നേരിടാൻ ദുരന്തനിവാരണ സമിതി തയ്യാറെടുപ്പ് നടത്തുമെന്നും മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാർ പൊട്ടിയാൽ നേരിടാൻ എന്തൊക്കെ മുൻകരുതൽ എടുത്തിട്ടുണ്ടെന്ന എൽദോസ് പി.കുന്നപ്പിള്ളിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കേരളത്തിലെ മന്ത്രിമാർ അറിഞ്ഞിട്ടാണ് മരംമുറിക്കാനുള്ള ഉത്തരവ് ഇറക്കിയതെന്ന് തമിഴ്നാട് മന്ത്രി ദുരൈമുകൻ പറഞ്ഞത് വാസ്തവ വിരുദ്ധമാണ്. ബേബി ഡാം ബലപ്പെടുത്തിയെന്ന് കരുതി യഥാർത്ഥ അണക്കെട്ട് ബലപ്പെടില്ല. അണക്കെട്ട് 24 മണിക്കൂർ പരിശോധിക്കാനുള്ള സംവിധാനമുണ്ട്. മരംമുറിക്കാനുള്ള ഉത്തരവ് റദ്ദാക്കുന്നതിന് എന്താണ് തടസ്സമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് പരിശോധിച്ച് റദ്ദാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്നും അടിയന്തരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മരംമുറി അനുമതിക്കുള്ള മിനിട്സ് കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K KRISHNANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA