
തിരുവനന്തപുരം: കരുവന്നൂർ കേസിൽ നടക്കുന്ന ഇ ഡി അന്വേഷണത്തിലും മറ്റ് വിഷയങ്ങളിലും കേന്ദ്രത്തിനെതിരെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാനത്ത് ഇടതുമുന്നണി സർക്കാരിനെതിരെ കള്ള പ്രചാരവേല നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കടമെടുക്കാനുളള സംസ്ഥാനത്തിന്റെ പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ ജനങ്ങൾക്കെതിരെ കേന്ദ്രം യുദ്ധം ചെയ്യുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്ത് ഇടതുമുന്നണി സർക്കാരിനെതിര കള്ള പ്രചാരവേല നടക്കുകയാണ്. മുഖ്യമന്ത്രിയ്‌ക്കും കുടുംബാംഗങ്ങൾക്കും നേതാക്കൾക്കും എതിരെ കള്ള പ്രചാര വേല നടക്കുന്നുണ്ട്. സംസ്ഥാനത്തെ സഹകരണമേഖലയെ തകർക്കാനുള്ള ഇ ഡി പരിശോധനയും അത്തരത്തിൽ കാണുന്നതായി എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. സഹകരണ മേഖലയെ ഒതുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ രംഗത്തുണ്ട്. കരുവന്നൂരിൽ പാർട്ടി ബന്ധത്തിന് തെളിവുണ്ടെന്ന് വരുത്തിതീർക്കാൻ ഇ ഡി ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. ചാക്കിൽകെട്ടി എ.സി മൊയ്‌തീൻ പണം കൊണ്ടുപോകുന്നത് കണ്ടെന്ന് പറയാൻ ഉത്തരേന്ത്യക്കാരായ ഇ ഡി ഉദ്യോഗസ്ഥർ കൗൺസിലർമാരെയടക്കം മർദ്ദിക്കുകയാണ്. അരവിന്ദാക്ഷന്റെ മകളുടെ വിവാഹനിശ്ചയം പോലും ഇത്തരത്തിൽ നടക്കില്ലെന്ന് ഭീഷണിപ്പെടുത്തി. എം.വി ഗോവിന്ദൻ പറഞ്ഞു.
'എ സി മൊയ്‌തീനെതിരെ തെളിവില്ല. എന്നാൽ വ്യാജ തെളിവുണ്ടാക്കാനാണ് ഇ ഡി ശ്രമം. കരുവന്നൂർ കേസിൽ സർക്കാർ ഫലപ്രദമായി അന്വേഷണം നടത്തി. സമഗ്രാന്വേഷണം നടത്തിയിട്ടും തെളിവുണ്ടെന്ന് വരുത്താൻ ശ്രമം നടത്തുകയാണ് ഇ ഡി.' കേന്ദ്ര സർക്കാരിനെതിരെയും ശക്തമായ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി, കേന്ദ്രം പണംനൽകാതെ സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിക്കുകയാണെന്ന് ആരോപിച്ചു.
അതേസമയം സംസ്ഥാനത്ത് ഭൂപതിവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചതായും ദേവസ്വം ബോർഡിന് 518 കോടി നൽകിയതായും എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്ത് 'എല്ലാവർക്കും വീട്' പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകണമെന്നം ദേശീയപാതാ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |