
തിരുവനന്തപുരം : സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ വാഗ്ദാനലംഘനം നടത്തുകയാണെന്ന് ബി.ജെ.പി. സ്ത്രീകളെ സംഘടിതമായി വഞ്ചിക്കുകയും ചെയ്യുന്നതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപക പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.
സ്ത്രീകൾക്ക് മുഴുവൻ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. എന്നാൽ അധികാരത്തിലെത്തിയ ശേഷം സർക്കാർ വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഓർഡിനറി വിഭാഗത്തിൽ സർവീസ് നടത്തിയിരുന്ന ബസുകളുടെ സ്വഭാവം തന്നെ മാറ്റി സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ ആനുകൂല്യം നിഷേധിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
നിലവിൽ കെഎസ്ആർടിസിക്ക് കീഴിലുള്ള 3000ലധികം ഓർഡിനറി ബസുകളിൽ വലിയൊരു വിഭാഗം വിവിധ പേരുകളിലേക്കും വിഭാഗങ്ങളിലേക്കും മാറ്റിയതിലൂടെ സ്ത്രീകൾക്ക് ലഭിക്കേണ്ട സൗജന്യ യാത്രാ സൗകര്യം ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്നലെവരെ ഓർഡിനറി വിഭാഗത്തിൽ സർവീസ് നടത്തിയിരുന്ന നിരവധി ബസുകൾക്ക് 'സിറ്റി ഫാസ്റ്റ്' ഉൾപ്പെടെയുള്ള പുതിയ പേരുകൾ നൽകി സ്റ്റിക്കർ ഒട്ടിക്കുകയും, അതുവഴി സ്ത്രീകൾക്കുള്ള സൗജന്യ യാത്ര നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും ബി.ജെ.പി ആരോപിച്ചു.
തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ഡിപ്പോ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമുള്ള കെഎസ്ആർടിസി ഓഫീസുകളിലേക്കും ഡിപ്പോകളിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി നേതൃത്വം അറിയിത്തു. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരപരിപാടികളിൽ ബിജെപിയുടെ മുതിർന്ന സംസ്ഥാനജില്ലാ നേതാക്കൾ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |