
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സേവന സൗകര്യം ഉൾപ്പടെയുള്ള എം.എൽ.എ ഓഫിസ് ജൂൺ ആദ്യവാരം പ്രവർത്തനം ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ എം.എൽ.എ അറിയിച്ചു. വികസന കാര്യത്തിൽ സംസ്ഥാന സർക്കാർ ബി.ജെ.പി യുടെ മണ്ഡലങ്ങളോട് വിവേചനം കാണിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാവുമെന്നും നേമത്തെ ജനങ്ങൾ തന്നെ എം.എൽ.എ ആക്കിയത് അവരുടെ ജീവിതത്തിൽ വ്യത്യാസം കൊണ്ടു വരാനാണന്നും അദ്ദേഹം വ്യക്തമാക്കി. നേമം മണ്ഡലത്തിലെ എസ്‌റ്റേറ്റ്, കരുമം, കാലടി വാർഡുകളിൽ നടന്ന നന്ദി നേമം എന്ന പൗര സ്വീകരണ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു രാജീവ് ചന്ദ്രശേഖർ.
എല്ലാ ആഴ്ചയും രണ്ടു ദിവസം എം.എൽഎ ഓഫിസിലും, ഒരു ദിവസം ബി.ജെ.പി സംസ്ഥാന ഓഫിസിലും ജനങ്ങൾക്ക് നേരിട്ട് കാണാനുള്ള സൗകര്യമുണ്ടായിരിക്കുന്നതിന് പുറമെ ഫോണിലൂടെയും ഇമെയിലിലൂടെയും തന്നെ ബന്ധപ്പെടാനാവുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രണ്ടു മാസം കൂടും തോറും വാർഡ്തല ജന സമ്പർക്കങ്ങൾ മേയറെയും, ഡെപ്യുട്ടി മേയറെയും അതാത് വാർഡ് കൗൺസിലർമാരെയും ഉൾപ്പെടുത്തി നടത്തുമെന്നും, നേമത്ത് വികസനം കൊണ്ടു വരാൻ തിരുവനന്തപുരം നഗരസഭ, സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ എന്നിവകളോട് ചേർന്ന് പ്രവർത്തിക്കുമെന്നും എം.എൽ.എ അറിയിച്ചു.
ബി.ജെ.പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ , ബിജെപി സംസ്ഥാന സമിതി അംഗം മഹേശ്വരൻ നായർ, കരുമം വാർഡ് കൗൺസിലറും ഡെപ്യൂട്ടി മേയറുമായ ആശാനാഥ്, കാലടി വാർഡ് കൗൺസിലറും നഗരസഭാ പൊതു മരാമത്ത് ചെയർ പേഴ്സണുമായ മഞ്ജു ജി എസ്സ്, എസ്റ്റേറ്റ് വാർഡ് കൗൺസിലർ അഭിലാഷ്, ആറ്റുകാൽ മണ്ഡലം പ്രസിടണ്ട് കോളിയൂർ രാജേഷ്, കാലടി വാർഡ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ലിജു നായർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |