SignIn
Kerala Kaumudi Online
Sunday, 05 July 2026 6.47 AM IST

സതീശനും സുധാകരനും തമ്മിൽ മൈക്കിനായി പിടി വലി

READ ENGLISH VERSION
vd

തിരുവനന്തപുരം: മൈക്കിനായി പിടിവലി കൂടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇതേച്ചൊല്ലി കോൺഗ്രസിൽ പുകച്ചിൽ. ഇരുവരെയും വിമർശിച്ചും, പിന്തുണച്ചുള്ള ചർച്ചകളും സജീവം.സംഭവത്തിൽ ഇരുവരെയും ട്രോളി ഇടത് സൈബർ ഹാൻഡിലുകളും.

ഈ മാസം എട്ടിന് പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ വിജയത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ മൈക്കിനായി പിടിവലി. വാർത്താ സമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തർക്ക വിഷയം.വി ഡി സതീശനാണ് ആദ്യമെത്തിയത്. ഈ സമയം, സതീശന്റെ മുന്നിലായിരുന്നു മാധ്യമങ്ങളുടെ മൈക്കുകൾ. പിന്നീട് സുധാകരൻ എത്തിയപ്പോൾ സതീശൻ നീങ്ങി അപ്പുറത്തിരുന്നെങ്കിലും മൈക്കുകൾ തന്റെയടുത്തേക്ക് നീക്കി. ഇത് സുധാകരന് ഇഷ്ടമായില്ല. വാർത്താ സമ്മേളനം താൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, സുധാകരൻ സമ്മതിച്ചില്ല. കെ.പി.സി.സി പ്രസിഡന്റെന്ന നിലയിൽ വാർത്താ സമ്മേളനം താൻ തുടങ്ങുമെന്നും ,പിന്നീട് നിങ്ങൾ പറഞ്ഞാൽ മതിയെന്നും എല്ലാവരും കേൾക്കെ സുധാകരൻ സതീശനോട് പറഞ്ഞു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരന് നേരെ നീക്കിവച്ചു. പ്രവർത്തകർ നൽകിയ പൊന്നാട സ്വീകരിക്കാനും സതീശൻ തയ്യാറായില്ല. വാർത്താസമ്മേളനത്തിന്റെ അവസാനം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് സതീശൻ ഒഴിഞ്ഞുമാറി. എല്ലാം പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും തനിക്കൊന്നും പറയാനില്ലെന്നും വ്യക്തമാക്കി.ആവർത്തിച്ചുള്ള ചോദ്യത്തിൽ നിന്ന് സതീശൻ നീരസത്തോടെ ഒഴിഞ്ഞു.

വീഡിയോ വൈറലായതോടെ വിഷയത്തിൽ വിശദീകരണവുമായി ഇന്നലെ സതീശൻ രംഗത്തെത്തി. കെ. സുധാകരനുമായി തർക്കമുണ്ടായെന്നും പ്രചരിക്കുന്ന വീഡിയോ സത്യമാണെന്നും വ്യക്തമാക്കിയ സതീശൻ, അത് പുതുപ്പള്ളി വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് സുധാകരൻ പറഞ്ഞതിനെ ചൊല്ലിയായിരുന്നുവെന്നും പറഞ്ഞു.

''പുതുപ്പള്ളിയിലെ വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് എനിക്കു നൽകുമെന്നു കെ.സുധാകരൻ പറഞ്ഞിരുന്നു. അതു വേണ്ടെന്ന് ഞാൻ പറഞ്ഞു. പറയുമെന്നു സുധാകരൻ വാശി പിടിച്ചു. അത് തടയാനാണ് ഞാൻ ആദ്യം സംസാരിക്കാൻ ശ്രമിച്ചത്. കൂടുതൽ പ്രതികരിക്കാത്തത് തൊണ്ടയ്ക്ക് പ്രശ്നമുണ്ടായിരുന്നതിനാലാണ്'' – സതീശൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA