
കേന്ദ്രത്തിനെതിരെ രാഷ്ട്രീയ
ആയുധമാക്കാൻ കോൺഗ്രസ്
തിരുവനന്തപുരം: പമ്പുകളിൽ പരിശോധന നടത്തി അമിതമായി എഥനോൾ കലർത്തിയ പെട്രോൾ കർണാടക സർക്കാർ കണ്ടെത്തിയ പശ്ചാത്തലത്തിൽ കേരളവും അതിനുള്ള നടപടി തുടങ്ങി. എഥനോൾ കലർത്തുന്ന ഇ 20 പെട്രോളിനെതിരാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
കോൺഗ്രസ് അധികാരത്തിലുള്ള കേരളവും എഥനോൾ പരിശോധനയുമായി രംഗത്തിറങ്ങുന്നതോടെ വിഷയം രാഷ്ട്രീയമായി കത്തിക്കയറും.
മുഖ്യമന്ത്രി വി.ഡി.സതീശനുമായി ചർച്ച നടത്തിയ ശേഷമാണ് മന്ത്രി അനൂബ് ജേക്കബ് സിവിൽ സപ്ലൈസ്ഉപഭോക്തൃകാര്യ വകുപ്പ് മേധാവികൾക്ക് പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്. പ്രധാന നഗരങ്ങളിലെ പെട്രോൾ പമ്പുകളിൽ നിന്നും പെട്രോൾ എത്തിക്കുന്ന ടാങ്കർ ലോറികളിൽ നിന്നും സാമ്പിൾ ശേഖരിച്ചാകും പരിശോധന. മറ്റ് ഏതെങ്കിലും മായം കലർത്തുന്നുണ്ടോ എന്നും പരിശോധിക്കും.
സംസ്ഥാനം 2014ൽ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് പൊതുവിതരണഉപഭോക്തൃകാര്യ കമ്മിഷണർ മുതൽ താലൂക്ക് സപ്ലൈ ഓഫീസർ വരെയുള്ളവർക്ക് പരിശോധന നടത്താനും നിയമനടപടി സ്വീകരിക്കാനും അധികാരം ഉണ്ട്.
2005ലെ കേന്ദ്ര മോട്ടോർ സ്പിരിറ്റ് ഹൈ സ്പീഡ് ഡീസൽ റെഗുലേഷൻസ് ഓഫ് സപ്ലൈ ഡിസ്ട്രിബ്യൂഷൻ ആന്റ് പ്രിവൻഷൻ ഓഫ് മാൽപ്രാക്ടീസസ് നിയമപ്രകാരമാണിത്.
ഏഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നതു കാരണം വാഹനങ്ങളുടെ ചില സ്പെയർ പാർട്സുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നുവെന്ന പരാതി ശക്തമാണ്.
കോൺഗ്രസ് ഭരണമുള്ള തെലങ്കാന എഥനോൾ പരിശോധന സംബന്ധിച്ച് തീരുമാനം കൈകൊണ്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ അതിനു സാദ്ധ്യതയുണ്ട്. രാഹുൽ ഗാന്ധി ഇന്നലെ വീണ്ടും കേന്ദ്രത്തിനെതിരെ രംഗത്തെത്തി.
കേന്ദ്രം നിഷേധിച്ചു
#കർണാടകയിൽ 63 സാംപിളുകൾ പരിശോധിച്ചപ്പോൾ ബംഗളൂരു ഉൾപ്പെടെ ഏഴ് ജില്ലകളിൽ എഥനോൾ അനുവദനീയമായ അളവിനേക്കാൾ കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം ഭക്ഷ്യസിവിൽ സപ്ലൈസ്ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷദ് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
20 ശതമാനമാണ് അനുവദിച്ചിട്ടുള്ളത്. 31.2 ശതമാനം വരെ കണ്ടെത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്.
#കർണാടകം അംഗീകൃത നടപടിക്രമങ്ങൾ പ്രകാരമുള്ള പരിശോധനയിലൂടെയല്ല ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടിയതായി
കേന്ദ്ര പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു.
''മായം കലർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും''
- മന്ത്രി അനൂപ് ജേക്കബ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |