
ആലപ്പുഴ: റീൽസെടുക്കാനും കൂട്ടുകാരുടെ മുന്നിൽ ഹീറോ ആകാനും വാഹനങ്ങളുമായിറങ്ങുന്ന കുട്ടിഡ്രൈവർമാരെ പൂട്ടും. സ്വന്തം ജീവനൊപ്പം നിരപരാധികളുടെയും ജീവനെടുക്കുന്ന ഡ്രൈവിംഗിന് വിരാമമിടാൻ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങി. കഴിഞ്ഞ ദിവസം കണ്ണൂർ റേഞ്ചിൽ പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 55 കുട്ടി ഡ്രൈവർമാരാണ് പിടിയിലായത്. ഇതോടെ,നടപടി തുടരാനാണ് തീരുമാനം. ചേരാനല്ലൂരിൽ പതിനേഴുകാരനായ മകൻ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന്റെ ജീവനെടുത്ത കേസിൽ ജഡ്ജി പ്രതിയായിട്ടും മൂന്നുവർഷം മുമ്പുള്ള കേസിൽ 16 കാരനോടിച്ച സ്കൂട്ടർ ഇടിച്ച് മരിച്ച കാൽനടയാത്രക്കാരന്റെ കുടുംബത്തിന് രക്ഷിതാവ് 29 ലക്ഷം രൂപ നഷ്ടപരിഹാരംനൽകാൻ മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ട്രൈബ്യൂണൽ വിധിച്ചിട്ടും കുട്ടി ഡ്രൈവർമാർ നിരത്തുകളിൽ വിഹരിക്കുകയാണ്. നെടുമ്പാശേരിയിൽ 19കാരനോടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ചത് കോളിളക്കമായിട്ടും രക്ഷിതാക്കൾ കുട്ടികളെ പിന്തിരിപ്പിക്കുന്നില്ല.
കുളത്തൂപ്പുഴയിലും കോഴിക്കോട് ഇരിങ്ങത്തും സ്കൂട്ടർ അപകടങ്ങളിൽ 17ഉും 16ഉം വയസുള്ള രണ്ട് കുട്ടികൾ മരിക്കുകയും കഴക്കൂട്ടത്ത് അച്ഛൻ പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി സ്റ്റിയറിംഗ് നൽകി കാറോടിക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവങ്ങൾ.
അടൂരിൽ 16കാരനും സുഹൃത്തുക്കളും അമിതവേഗത്തിൽ കാറോടിച്ച് റീൽസെടുത്ത സംഭവത്തിൽ വാഹന ഉടമയായ അമ്മയ്ക്കെതിരെ കേസെടുത്ത് കാർ പിടികൂടുകയും നാലംഗ സംഘത്തിന്റെ സ്കൂട്ടർ സവാരിയിൽ വാഹനം വിറ്റ കൊല്ലം സ്വദേശിക്കെതിരെ കേസെടുത്ത് നടപടി കടുപ്പിക്കുകയും ചെയ്തിരുന്നു.
റോഡിലെ അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാൻ അറിയാത്തതാണ് കുട്ടിഡ്രൈവർമാരെ കുഴപ്പത്തിലാക്കുന്നത്.
മരണക്കളി അവസാനിപ്പിക്കാൻ
# ലൈസൻസ് ഇല്ലാത്ത മക്കൾക്ക് ഒരു കാരണവശാലും മാതാപിതാക്കൾ വാഹനം നൽകരുത്.
# സ്‌കൂളുകളിൽ വിദ്യാർത്ഥികൾ വാഹനങ്ങളുമായി വരുന്നത് പൂർണമായി നിരോധിക്കണം.
# പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നത് കണ്ടാൽ പൊലീസിനെയോ മോട്ടോർ വാഹന വകുപ്പിനെയോ അറിയിക്കണം.
നിയമം കടുപ്പമായിട്ടും...
# പ്രായപൂർത്തിയാകാത്ത ഡ്രൈവർമാർ ഉൾപ്പെട്ട 49 കേസുകളാണ് മോട്ടോർ വാഹന വകുപ്പ് 2024 മുതൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 12 എണ്ണം ഈ വർഷമാണ്.
# അപകടമുണ്ടാക്കിയാൽ മാതാപിതാക്കൾക്കോ വാഹന ഉടമയ്‌ക്കോആണ് ശിക്ഷ. 3 വർഷം വരെ തടവും 25,000 രൂപ വരെ പിഴയ്ക്കും പുറമേ വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കും. കുട്ടിക്ക് 25 വയസാകും വരെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കില്ല. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിക്കെതിരെ കേസെടുക്കും.
കൂടുതൽ അപകടം
തമിഴ്നാട്ടിൽ
(2023-24 വർഷത്തെ കുട്ടി കേസുകൾ)
തമിഴ്‌നാട്.................. 2063
ആന്ധ്ര പ്രദേശ്...............766
കർണാടക......................751
കേരളം..............................645
..................................................................................................
``കുട്ടികൾക്കായി ബോധവത്കരണം നടത്തും. ലൈസൻസില്ലാത്ത കുട്ടികൾക്ക് പെട്രോൾ പമ്പുകൾ ഇന്ധനം നൽകാൻ പാടില്ല. സ്‌കൂൾ കോളേജ് പരിസരങ്ങളിലും നിരത്തുകളിലും പരിശോധനയും നടപടിയും കർശനമാക്കും.``
- സ്പർജൻ കുമാർ,
ട്രാൻ.കമ്മിഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |