SignIn
Kerala Kaumudi Online
Friday, 30 October 2026 2.51 AM IST

കെ ടെറ്റ് യോഗ്യതയില്ലെങ്കിലും അദ്ധ്യാപക നിയമനം നൽകും, പി.എസ്.സി നിയമന ശുപാർശ ലഭിച്ചവർക്ക് വഴിതുറന്നു

aa

തിരുവനന്തപുരം: കെ ടെറ്റ് യോഗ്യതയില്ലെങ്കിലും പി.എസ്.സി നിയമന ശുപാർശ നൽകിയ ഉദ്യോഗാർത്ഥികളെ, അദ്ധ്യാപകരായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. കെ ടെറ്റ് ഇല്ലാതെ, നിയമന അംഗീകാരം ലഭിച്ച അദ്ധ്യാപകർക്ക് ഗ്രേഡും ഇൻക്രിമെന്റും അനുവദിക്കാനും പൊതുവിദ്യാഭ്യാസ സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി.സജിത് ബാബു പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചു.

പി.എസ്.സി അപേക്ഷ ക്ഷണിക്കുമ്പോൾ, കെ ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവ് നിലവിൽ വന്നിരുന്നില്ല. അതിനാൽ വിജ്ഞാപനത്തിൽ കെ ടെറ്റ് യോഗ്യത നിർബന്ധമാക്കിയിരുന്നില്ല. എന്നാൽ നിയമന ശുപാർശ നൽകി കഴിഞ്ഞപ്പോഴേക്കും കെ ടെറ്റ് നിർബന്ധമാക്കുകയും നിയമനം പ്രതിസന്ധിയിലാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കെ ടെറ്റ് യോഗ്യത ഇല്ലെങ്കിലും ഇവർക്ക് നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചത്. പ്രൊവിഷണലായിട്ടാകും നിയമനം. കെ ടെറ്റ് പാസാകുന്ന മുറയ്ക്ക് നിയമന ശുപാർശ സീനിയോറിറ്റി നിലനിറുത്തി ക്രമീകരിക്കും.

2025 സെപ്തംബർ ഒന്നിന് മുമ്പ് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുകയും കെ ടെറ്റ് ഇല്ലാത്തതിന്റെ പേരിൽ ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്ത അദ്ധ്യാപകർക്ക് ശമ്പളം നൽകാനും ഉത്തരവിൽ നിർദ്ദേശിക്കുന്നു. 2025 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലെ ശമ്പളം നൽകാനായി അവരുടെ ദിവസ വേതന നിയമനം അംഗീകരിക്കണം. ഓരോ കേസും പ്രത്യേകമായി പരിശോധിച്ചായിരിക്കണം നിയമനം നൽകേണ്ടത്. 2025 സെപ്തംബർ ഒന്നിന് മുമ്പ് നിയമന അംഗീകാരം ലഭിച്ച അദ്ധ്യാപകരുടെ ഗ്രേഡും ഇൻക്രിമെന്റും കെ ടെറ്റ് ഇല്ലെന്ന കാരണത്താൽ തടയേണ്ടതില്ല. കെ ടെറ്റ് ഇല്ലാതെ ഹെഡ്മാസ്റ്ററായി പ്രൊമോഷൻ ലഭിച്ചവർ പിന്നീട് കെ ടെറ്റ് നേടിയിട്ടുണ്ടെങ്കിൽ, അവർക്ക് നിയമന അംഗീകാരം നൽകണം. ഹെഡ്മാസ്റ്റർ നിയമന ദിവസം മുതൽ മുൻകാല പ്രാബല്യത്തോടെയാകണം നിയമന അംഗീകാരം നൽകേണ്ടത്. ഇവർ സർവീസിൽ നിന്നു വിരമിച്ചെങ്കിലും കെ ടെറ്റ് നേടിയിട്ടുണ്ടെങ്കിൽ ഈ വ്യവസ്ഥ ബാധകമാണ്.

കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകർക്ക് നിയമന അംഗീകാരം/പ്രൊമോഷൻ നൽകുന്നതിന് ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള മുൻഉത്തരവ് പ്രകാരം ഇനി ആർക്കും നിയമന അംഗീകാരം നൽകേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KTET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA