
പാലക്കാട്: നാടും നഗരവും ദീപാവലി ആഘോഷത്തിലേക്ക് കടന്നിരിക്കെ വിപണിയിൽ മധുര വില്പന പൊടിപൊടിക്കുന്നു. ലഡ്ഡു, ജിലേബി, മൈസൂർപാക്ക്, പേഡ, കാജു ബർഫി, പാൽഗോവാ തുടങ്ങിയ വൈവിധ്യങ്ങൾ വിപണിയിലേറെയുണ്ട്. ഇതുകൂടാതെ ദീപാവലി സ്‌പെഷ്യൽ ഗിഫ്റ്റ് ഹാംപറും തയ്യാറായാണ്. മുൻവർഷത്തെ അപേക്ഷിച്ച് മധുര പലഹാരങ്ങൾക്ക് വില കൂടിയിട്ടുണ്ട്.
പത്തോളം ഇനം പലഹാരങ്ങളടങ്ങിയ 500 ഗ്രാം, ഒരു കിലോഗ്രാം പെട്ടികളാണ് പ്രധാനമായി വിപണിയിലുള്ളത്. കിലോയ്ക്ക് 400 മുതൽ 500 രൂപ വരെയാണ് ശരാശരി വില. പ്രത്യേക മധുരവിഭവ പെട്ടികൾക്ക് 800 മുതൽ 1600 രൂപ വരെയും വിലയുണ്ട്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ കിലോയ്ക്ക് 45 രൂപയായിരുന്ന പഞ്ചസാര വില 60 - 70 രൂപയായി ഉയർന്നതോടെ നിർമ്മാണച്ചെലവ് വർദ്ധിച്ചതായി വ്യാപാരികൾ പറയുന്നു. ദീപാവലിയോട് അനുബന്ധിച്ച് കൽപ്പാത്തി, നൂറണി എന്നിവിടങ്ങളിലെ ആഗ്രഹാരങ്ങളിൽ നെയ്യിൽ തയ്യാറാക്കുന്ന പ്രത്യേക മധുരപലഹാരങ്ങൾക്കും ആവശ്യക്കാരെയാണ്.
ഡ്രൈഫൂട്ട്സിനും വിലവർദ്ധിച്ചു
ദീപാവലിക്ക് മുന്നോടിയായി ഡ്രൈഫൂട്ട്സ് വിപണിയിലും വൻ വില വർദ്ധനയാണുണ്ടായത്. പശ്ചിമേഷ്യൻ സംഘർഷം മൂലം വിതരണത്തിലുണ്ടായ തടസങ്ങൾ, ഉയർന്ന ചരക്കുകൂലി, രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് വിലക്കയറ്റത്തിന് കാരണമായി ഹൈദരാബാദിലെ വ്യാപാരികൾ പറയുന്നത്.
സൗദിക്കു നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് കപ്പൽ ഗതാഗത പാതകൾ തിരിച്ചുവിട്ടത് ചരക്കുനീക്കത്തിന്റെ സമയവും ഗതാഗതച്ചെലവും വർധിക്കാൻ കാരണമായി. ഇറക്കുമതിക്കാർ ഈ അധിക ബാധ്യത മൊത്തക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും കൈമാറുകയാണ്. സാധാരണക്കാർ ഏറെ ഉപയോഗിക്കുന്ന അമേരിക്കൻ ബദാമിന്റെ വില കിലോയ്ക്ക് 880 രൂപയിൽ നിന്ന് 1,230 രൂപയായി. പിസ്തയുടെ വില 1,500 രൂപയിൽ നിന്ന് 2,000 രൂപയായും വാൽനട്ടിന്റെ വില 1,600 രൂപയിൽ നിന്ന് 2,100 രൂപയായും വർദ്ധിച്ചു. ഡിസംബർ വരെ വിലകുറയാൻ സാദ്ധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വിലക്കയറ്റം കച്ചവടത്തെയും സാരമായി ബാധിച്ചതായും വിൽപ്പനയിൽ 40 ശതമാനം വരെ കുറവുണ്ടായതായും വ്യാപാരികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |