
കൊച്ചി: ക്രിസ്മസ് കേക്കിന്റെ ആകൃതിയിലൊരു വീട്. പുറം ചുമരിൽ കാർ മുതൽ ജെ.സി.ബി വരെ. പിന്നെ ആന മയിൽ ഒട്ടകവും. കണ്ണൂർ വടകര ചേരാപുരം സ്വദേശി ടി. ശ്രീജേഷിന്റെ വീടായ 'കാവ്യമേട' 6,000 കളിപ്പാട്ടങ്ങളാൽ സമ്പന്നം. വീടിന്റെ ഭിത്തിയിലെ അലങ്കാര വസ്തുവാണ് കളിപ്പാട്ടങ്ങൾ. രണ്ട് വർഷം മുമ്പ് താമസമാരംഭിച്ച കാവ്യമേട ആർക്കിടെക്റ്റ് വിദ്യാർത്ഥികളുടെ സന്ദർശന കേന്ദ്രവുമാണ്.
കേരള ബാങ്ക് സീനിയർ മാനേജരാണ് ശ്രീജേഷ്. പ്രകൃതിസൗഹൃദ വീടേ നിർമ്മിക്കൂവെന്ന് ശ്രീജേഷും ഭാര്യ വടകര എൻജിനിയറിംഗ് കോളേജ് അദ്ധ്യാപിക രാഹിയും തീരുമാനിച്ചുറപ്പിച്ചതാണ്. സ്വന്തം ഭൂമിയിൽ നിന്ന് മണ്ണെടുത്ത് കട്ടകൾ ചുട്ടുണ്ടാക്കി. മേൽക്കൂരയിൽ കോൺക്രീറ്റിന് പകരം ആറ് ഉരുക്ക് ഫ്രെയിമുകൾ കൂട്ടിച്ചേർത്തു. ചുമരിൽ പ്രത്യേകാകൃതിയിൽ കെട്ടിയ കട്ടകൾക്കിടയിൽ ഓടുകൾ സ്ഥാപിച്ച് അതിലാണ് കളിപ്പാട്ടങ്ങൾ വച്ചിട്ടുള്ളത്. അധികവും കാറുകളാണ്.
കൊവിഡ് കാലത്തായിരുന്നു നിർമ്മാണം. പൂർത്തിയാകാൻ രണ്ടു വർഷമെടുത്തു. മക്കളായ അനവദ്യയുടെയും കൽഹാരയുടെയും കളിപ്പാട്ടങ്ങളാണ് ആദ്യം എടുത്തത്. പിന്നീട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്ന് കേടായവ തരപ്പെടുത്തി. ബാക്കി സമീപത്തെ ആക്രിക്കടകളിൽ നിന്നും. ശ്രീജേഷിന്റെ അമ്മ ശ്യാമളയാണ് വീട്ടിലെ മറ്റൊരംഗം.
കേക്ക് വീട്ടിൽ ഭൂമിക്ക് താഴെയാണ് പ്രധാന കിടപ്പുമുറിയും അടുക്കളയും. മുകളിൽ സ്വീകരണമുറിയും ഒരു കിടപ്പുമുറിയുമുണ്ട്. വീടിനുള്ളിൽ ചെറിയ കുളം. മഴവെള്ളം ഇതിൽ സംഭരിക്കുന്നു.
വീടാകെ കളിപ്പാട്ടങ്ങൾ വയ്ക്കണമെന്ന് നിർമ്മാണഘട്ടത്തിൽ തോന്നിയ ആശയമാണ്. മക്കൾ വളരുമ്പോൾ അവർക്ക് ഗൃഹാതുര സ്മരണകൾക്കും ഇത് ഉപകരിക്കും
- ടി. ശ്രീജേഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |