
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലും സർക്കാർ- സ്വാശ്രയ ഡെന്റൽ കോളേജുകളിലുമായി ഒഴിഞ്ഞുകിടക്കുന്നത് 31സീറ്റുകൾ. ഇതിൽ നാലെണ്ണം എം.ബി.ബി.എസ് സീറ്റാണ്. തൊടുപുഴ അൽ-അസ്ഹർ, പാലക്കാട് കരുണ, എറണാകുളം എസ്.എൻ, കാരക്കോണം സി.എസ്.ഐ എന്നീ സ്വാശ്രയ കോളേജുകളിലാണ് ഓരോ സീറ്റുവീതം ഒഴിഞ്ഞുകിടക്കുന്നത്.
തൃശൂർ, കണ്ണൂർ ഗവ. ഡെന്റൽ കോളേജുകളിലായി മൂന്ന് ബി.ഡി.എസ് സീറ്റ് ഒഴിഞ്ഞുകിടപ്പുണ്ട്. 18സ്വാശ്രയ കോളേജുകളിലായാണ് ശേഷിക്കുന്ന 24 എണ്ണം.
വർക്കല ശ്രീശങ്കരയിൽ ഏഴും കൊല്ലം അസീസിയയിൽ അഞ്ചും സീറ്രാണ് ശേഷിക്കുന്നത്. തൊടുപുഴ അൽ-അസ്ഹർ, കൊല്ലം ട്രാവൻകൂർ, കോഴിക്കോട് ശ്രീ ആഞ്ജനേയ എന്നിവിടങ്ങളിൽ രണ്ടുവീതം സീറ്റുണ്ട്. 6ന് വൈകിട്ട് 5വരെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ നൽകാം. സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനു ശേഷം കാലിയാവുന്ന സീറ്റുകളിലേക്ക് രണ്ടാംഘട്ട സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് നടത്തും.
കനത്ത ഫീസ്
സ്വാശ്രയ കോളേജുകളിലെ കനത്ത ഫീസാണ് കുട്ടികളെ പിന്നോട്ടടിച്ചതെന്നാണ് വിലയിരുത്തൽ. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 85% മെരിറ്റ് സീറ്റുകളിൽ 8.2ലക്ഷം മുതൽ 9.6ലക്ഷം വരെയാണ് ഫീസ്. 86,600വരെ സ്‌പെഷ്യൽ ഫീസുമുണ്ട്. 15% എൻ.ആർ.ഐ സീറ്റുകളിൽ 20 ലക്ഷമാണ് വാർഷികഫീസ്.
സ്വാശ്രയ ഡെന്റൽ കോളേജുകളിൽ മെരിറ്റ് സീറ്റുകളിലെ ഫീസ് 3,47,487രൂപയാണ്. എൻ.ആർ.ഐ ക്വോട്ടയിൽ 6.30ലക്ഷവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |