
തിരുവനന്തപുരം: കാലവർഷം ദുർബലമായി അവസാനിച്ചുവെങ്കിലും തുലാവർഷം പ്രതീക്ഷ നൽകുന്നു. എൽനിനോ സാഹചര്യത്തിനിടയിലും ഇടക്കിടെ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങൾ മഴയ്ക്ക് വഴിതുറക്കുകയാണ്. വരും ആഴ്ചകളിലും ന്യൂനമർദ്ദങ്ങൾ മഴയ്ക്ക് സാഹചര്യം ഒരുക്കാൻ സാദ്ധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലാണ് ന്യൂനമർദ്ദങ്ങളുടെ കേന്ദ്രമായി മാറുന്നത്. ഒരാഴ്ചക്കിടെ രണ്ട് ചുഴലിക്കാറ്റുകളും രൂപപ്പെട്ടിരുന്നു. ഈ മാസം വീണ്ടും ന്യൂനമർദ്ദങ്ങൾ രൂപമെടുക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
തുലാവർഷത്തിൽ ഇതുവരെ ശരാശരി മഴ ലഭിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ലഭിച്ച മഴയുടെ അളവ് 'നോർമൽ'ആണ്. 340 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 282.9 മി.മീ മഴ പെയ്തു. 17% മാത്രമാണ് മഴക്കുറവ്. 19 ശതമാനത്തിന് മുകളിൽ മഴ കുറയുമ്പോഴാണ് 'മഴക്കുറവ്' വിഭാഗത്തിൽ വരിക. തുലാവർഷം തുടങ്ങിയശേഷം തൃശൂർ ജില്ലയിൽ 21% അധികമഴ ലഭിക്കുകയും ചെയ്തു. കേരളത്തിൽ തുലാവർഷം ആശ്വാസം നൽകുന്നുണ്ടെങ്കിലും മാഹിയിൽ വലിയ മഴക്കുറവാണ്. ഇവിടെ 94% ആണ് മഴക്കുറവ്. 291.9 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 18.4 മി.മീ മാത്രമാണ് പെയ്തത്.
മഴയിൽ കണ്ണുനട്ട്
കെ.എസ്.ഇ.ബിയും
തുലാവർഷം സജീവമാകുന്നതിൽ വലിയ ആശ്വാസം കെ.എസ്.ഇ.ബിക്കാണ്. ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതിനപ്പുറം ,ചൂട് കുറയുന്നതും അതനുസരിച്ച് വൈദ്യുതി ഉപഭോഗം കുറയുന്നതും ആശ്വാസമാവും. നവംബർ, ഡിസംബർ മാസങ്ങളിൽ ഉപഭോഗം ഉയർന്നാൽ വൈദ്യുതി പ്രതിസന്ധിക്കു സാദ്ധ്യതയുണ്ട്.നിലവിൽ സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഡാമുകളിലെ ആകെ ജലനിരപ്പ് 65% ആയി ഉയർന്നിട്ടുണ്ട്. ഇടുക്കിയിൽ മാത്രം 63% വെള്ളമുണ്ട്.
ഞായർ വരെ
മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെലങ്കാനയുടെ കിഴക്കൻ മേഖലയ്ക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് വടക്കോട്ട് നീങ്ങി ശക്തികൂടിയ ന്യൂനമർദ്ദമായി മാറും. ഇതിനൊപ്പം ലക്ഷദ്വീപിനും സമീപപ്രദേശങ്ങൾക്കു മുകളിലും തെക്കൻ തമിഴ്നാടിന് മുകളിലും ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഇത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മഴസാദ്ധ്യത കൂട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |