
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്ന വ്യാജേന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വിരട്ടി പണം തട്ടുന്ന ക്രിമിനൽ സംഘം സജീവമാകുന്നു. ബംഗളൂരു ആസ്ഥാനമായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ തൃശൂരിലുള്ള ഓഫീസിൽ നിന്ന് പണം തട്ടാനുള്ള നീക്കത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്ഥാപനത്തിന്റെ പരാതിയിൽ അങ്കമാലി പൊലീസ് കേസെടുത്തു. അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി.
കഴിഞ്ഞ മാസം 13നാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ (പി.എം.എൽ.എ) അരവിന്ദ് കുമാർ സിംഗ് എന്ന പേരിൽ ഇമെയിൽ എത്തിയത്. സാമ്പത്തിക വിവരങ്ങൾ കൈമാറണമെന്നായിരുന്നു നിർദ്ദേശം. ഇ.ഡി ആസ്ഥാനത്ത് നിന്ന് അയച്ചതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഇമെയിൽ. കഴിഞ്ഞ മാസം ഇ.ഡി കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നതിനാൽ ആദ്യം സംശയം തോന്നിയില്ല.
ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ ഇ.ഡിയുടെ കൊച്ചി ഓഫീസിൽ എത്തിയപ്പോഴാണ് വ്യാജ ഇമെയിലാണെന്നറിഞ്ഞത്. ഇത്തരം സന്ദേശങ്ങൾ ഇ.ഡി അയയ്‌ക്കാറില്ല. അരവിന്ദ് കുമാർ സിംഗ് എന്നൊരു ഉദ്യോഗസ്ഥനും അവിടെയില്ല.
വ്യാജ ലെറ്റർ ഹെഡിലെ നമ്പറിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ ഡൽഹി സ്വദേശിയാണ് ഫോണെടുത്തത്.അയാൾക്ക് തട്ടിപ്പുസംഘവുമായി ബന്ധമില്ലെന്നാണ് വ്യക്തമായത്. ഇതുപോലുള്ള സംഭവങ്ങളിൽ പൊലീസടക്കം തന്റെ നമ്പറിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കാറുണ്ടെന്നും അയാൾ വെളിപ്പെടുത്തി. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സ്ഥാപനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നതിനാലാണ് ഇത്തരം സംഭവങ്ങൾ പലരും പുറത്തു പറയത്തതെന്നാണ് പൊലീസ് കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |