SignIn
Kerala Kaumudi Online
Friday, 10 July 2026 1.24 AM IST

ഭൂമിതരം മാറ്റം,ഡിജിറ്റൽ റീസർവെ നടപടികൾ ഇഴയുന്നു

m

തിരുവനന്തപുരം:എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് റവന്യു വകുപ്പ് ജനകീയ പദ്ധതികളായി കൊണ്ടുവന്ന ഭൂമി തരംമാറ്റ അപേക്ഷ തീർപ്പാക്കലും ഡിജിറ്റൽ റീസർവെയും മുടന്തി നീങ്ങുന്നു.രണ്ട് പദ്ധതികൾക്കും തുടർ നടപടികളുണ്ടാവുമെന്ന് റവന്യുവകുപ്പ് മന്ത്രി എ.പി.അനിൽകുമാർ നിയമസഭയിൽ പറഞ്ഞതല്ലാതെ ഒന്നും നടന്നിട്ടില്ല.ഡിജിറ്റൽ റീസർവെ പ്രവർത്തനങ്ങൾക്ക് നിയോഗിച്ച താത്കാലിക ജീവനക്കാർക്ക് ശമ്പളം മൂന്ന് മാസമായി മുടങ്ങിക്കിടിക്കുകയാണ്.ആവലാതിയുമായി ചെല്ലുന്നവർക്ക് മുന്നിൽ വകുപ്പ് മേധാവികൾ കൈമലർത്തുന്നു.വകുപ്പ് മന്ത്രിയാവട്ടെ,ഞാൻ മാവിലായിക്കാരനെന്ന മട്ടിൽ മുഖം തിരിക്കുന്നു.

ഒരു കൂര കെട്ടാനുള്ള സ്ഥലം പുരയിടമാക്കി പരിവർത്തനം ചെയ്യപ്പെട്ടുകിട്ടാനുള്ള അനുമതിക്ക് അപേക്ഷ കൊടുത്തു കാത്തിരിക്കുമ്പോഴാണ് രണ്ടാം ഭൂപരിഷ്കരണമെന്ന പ്രഖ്യാപനം സർക്കാർ നടത്തിയിരിക്കുന്നത്.ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം ഭൂമി തരംമാറ്റത്തിന് 2,76,610 ഓൺലൈൻ അപേക്ഷകളാണ് തീർപ്പാകാനുള്ളത്.ഒന്നര ലക്ഷത്തോളം അപേക്ഷകൾ തീർപ്പാവാതെ കിടക്കുന്നതിനെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് 2022 മാർച്ചിൽ റവന്യൂ വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചത്.പ്രതിദിനം ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം 400 മുതൽ 500 വരെയാണ്.ഓൺലൈനായതിനാൽ ഏതു സമയത്തും അപേക്ഷിക്കാം.25 സെന്റ് വരെ തരംമാറ്റം സൗജന്യമാക്കിയതാണ് അപേക്ഷകളുടെ എണ്ണം കൂടാൻ മറ്റൊരു കാരണം.

അദാലത്തുകൾ നടത്തും

വസ്തു തരംമാറ്റ അപേക്ഷ തീർപ്പാക്കൽ വേഗത്തിലാക്കാൻ ജില്ലാതലത്തിൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് റവന്യൂവകുപ്പ് പറയുന്നുണ്ടെങ്കിലും അതിനുള്ള ഷെഡ്യൂൾ ഇതുവരെ നിശ്ചയിച്ചിട്ടില്ല.ഡിജിറ്റൽ റീസർവെ ജോലികൾക്ക് നിയോഗിച്ച താത്കാലിക ജീവനക്കാരുടെ ശമ്പള കുടിശിക എന്ന് തീർപ്പാക്കുമെന്നും തീരുമാനമായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGITAL RESRVEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA