ആലപ്പുഴ : ട്രോളിംഗ് നിരോധനത്തെത്തുടര്‍ന്നുള്ള മത്സ്യക്ഷാമത്തിന്റെയും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളുടെ വരവ് വര്‍ദ്ധിച്ചതിന്റെയും അടിസ്ഥാനത്തില്‍ മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന ശക്തമാക്കി ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍. പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മത്സ്യങ്ങള്‍ വിറ്റഴിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ആലപ്പുഴ നഗരത്തിലും കലവൂരിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ അഞ്ച് സാമ്പിളുകള്‍ ശേഖരിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണി മുതലായിരുന്നു വിപണന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന. മേഖലയിലെ പ്രമുഖ മത്സ്യ മാര്‍ക്കറ്റുകള്‍, മത്സ്യത്തട്ടുകള്‍, മൊത്തവിതരണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ എട്ട് സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വില്‍പ്പനയ്ക്കായി എത്തിച്ച മത്സ്യങ്ങളില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടോയെന്നും പഴക്കമുണ്ടോയെന്നും കണ്ടെത്തുന്നതിനായാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ആലപ്പുഴ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസര്‍ വി.രാഹുല്‍രാജ് , ആലപ്പുഴ മത്സ്യഭവന്‍ ഓഫീസര്‍ ബാലു ശേഖര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
ഒരു സ്ഥാപനത്തിന് നോട്ടീസ് നല്‍കി
ഇന്നലത്തെ പരിശോധനയില്‍ പോരായ്മ കണ്ടെത്തിയ സ്ഥാപനത്തിന് വീഴ്ചകള്‍ അടിയന്തരമായി പരിഹരിക്കാന്‍ നോട്ടീസ് നല്‍കി.
ശേഖരിച്ച സാമ്പിളുകള്‍ വിശദമായ ഗുണനിലവാര പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു
ആലപ്പുഴ, കലവൂര്‍, ചെട്ടികാട് പ്രദേശങ്ങളിലായിരുന്നു ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് സംയുക്ത മിന്നല്‍ പരിശോധന
ദിവസങ്ങളോളം പഴക്കമുള്ളതും കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ പുരട്ടിയതുമായ മത്സ്യം എത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു
വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരും. സാമ്പിളുകളുടെ പരിശോധനാഫലത്തില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യമോ കാലപ്പഴക്കമോ കണ്ടെത്തിയാല്‍ നടപടിയുണ്ടാകും -ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |