കോട്ടയം : പച്ചക്കറിക്കടയിൽ നിന്ന് സാധനം വാങ്ങുന്നതിനിടയിൽ 'ചേട്ടാ ഇത്തിരി ഇഞ്ചിയിട്ടേക്ക് ' എന്ന് പറയാൻ വരട്ടെ. ആദ്യം വില തിരക്കിയിട്ടുമതി ഈ ഡയലോഗ്. ഓരോ ദിവസം ചെല്ലുന്തോറും ഇഞ്ചിയുടെ വില ഉയരുകയാണ്. ചില്ലറ വിപണിയിൽ ഇഞ്ചിയുടെ ഇന്നലത്തെ വില കിലോഗ്രാമിന് 300 കടന്നു.
മൊത്തവിപണിയിൽ 280 രൂപയും. കാലാവസ്ഥാ വ്യതിയാനവും അഴുകൽ രോഗവും കാരണം ഉത്പാദനം കുറഞ്ഞതിനാൽ ഉയർന്ന വിലയുടെ നേട്ടം കർഷകർക്ക് ലഭിക്കില്ല. 60 കിലോ അടങ്ങുന്ന ഒരു ചാക്ക് ഇഞ്ചിയ്ക്ക് 8,500 - 11,000 രൂപ വരെയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഒരു ചാക്കിന് 1,500 - 2,000 രൂപ വരെയായിരുന്നു. പുതിയ മുളയിഞ്ചിയ്ക്ക് ചാക്കിന് 5,000 രൂപയാണ് വില.
വർദ്ധിച്ചുവരുന്ന കൃഷിച്ചെലവ്, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്ക് പുറമേ 'പൈറിക്കുലേറിയ' പോലുള്ള കുമിൾ രോഗബാധയും കൃഷിയെ നശിപ്പിക്കുകയാണ്. കഴിഞ്ഞ സീസണിൽ ആയിരക്കണക്കിന് ഏക്കർ ഇഞ്ചി കൃഷിയാണ് രോഗബാധയെത്തുടർന്ന് നശിച്ചുപോയത്. ഇതോടെ കൃഷി പൂർണമായും ഉപേക്ഷിച്ചവർ നിരവധിയാണ്.
അവസരം മുതലാക്കാൻ ചൈനീസ് ഇഞ്ചി
ഇഞ്ചി വിലയിലെ വർദ്ധന മുതലാക്കി വിപണികീഴടക്കാൻ ചൈനീസ് ഇഞ്ചിയും എത്തി. വലിപ്പം കൂടുതലുള്ള ഇവയ്ക്ക് ജലാംശം കൂടുതലുള്ളതിനാൽ നാടൻ ഇഞ്ചിയുടെ എരിവോ രുചിയോ ഔഷധഗുണമോ ഇല്ല. ദിവസങ്ങൾക്കുള്ളിൽ ചീഞ്ഞഴുകി കേടാകും. കർണാടകയിലാണ് ഇഞ്ചി കൃഷി കൂടുതൽ. അവിടെ വിളവെടുപ്പ് ആരംഭിച്ചിട്ടേയുള്ളൂ. കഴിഞ്ഞ സീസണിൽ വ്യാപകമായി അഴുകൽ രോഗം വന്ന് കൃഷി വലിയ തോതിൽ നശിച്ചിരുന്നു. ഇതോടെയാണ് കച്ചവടക്കാർ ചൈനയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്ത ഇഞ്ചി കൂടിയ വിലയ്ക്ക് വില്പന നടത്തി കൊള്ളലാഭം കൊയ്യുന്നത്.
കാലാവസ്ഥ വ്യതിയാനവും വില്ലൻ
കനത്ത മഴയെ തുടർന്ന് ഇഞ്ചി ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം
മുൻവർഷങ്ങളെ അപേക്ഷിച്ച് ഉത്പാദനത്തിൽ 75 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്
ഒരു ടൺ ഇഞ്ചി ലഭിക്കേണ്ട തോട്ടങ്ങളിൽ നിന്നു 250 കിലോഗ്രാമാണ് ലഭിച്ചതെന്ന് കർഷകർ
വില ഉയർന്നതോടെ ഇഞ്ചി പേസ്റ്റിലേക്ക് ചുവട് മാറ്റിയിരിക്കുകയാണ് ഹോട്ടൽ വ്യാപാരികൾ
''ഗുണനിലവാരം കുറഞ്ഞ ചൈനീസ് ഇഞ്ചി വിപണി പിടിച്ചതിന്റെ നേട്ടം കച്ചവടക്കാർക്കാണ്. രോഗബാധയും ഉത്പാദനക്കുറവും കാരണം നാടൻ ഇഞ്ചി കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമാണിപ്പോൾ.
-എബി ഐപ്പ് (കർഷക കോൺഗ്രസ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |