SignIn
Kerala Kaumudi Online
Friday, 10 July 2026 1.47 AM IST

ഏറ്റവും വലിയ സെൻസസ് ശബരിമല വാർഡിൽ

census

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ സെൻസസ് ജോലി ശബരിമല വാർഡിലാണ്. ആയിരത്തിലേറെ കെട്ടിടങ്ങൾക്കാണ് നമ്പർ ഇടേണ്ടത്. മറ്റിടങ്ങളിൽ എന്യുമറേറ്റർക്ക് പരമാവധി 200 കെട്ടിടങ്ങളാണ് സെൻസസിനായി നൽകുന്നത്.

പെരുനാട് പഞ്ചായത്ത് ഒൻപതാം വാർഡാണ് ശബരിമല. നിലയ്ക്കലിൽ തുടങ്ങി അട്ടത്തോട് ആദിവാസി ഉന്നതി, പമ്പ, സന്നിധാനം, ഉരൽക്കുഴി എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നു. അട്ടത്തോട് ട്രൈബൽ സ്കൂളിലെ അദ്ധ്യാപകൻ കോഴിക്കോട് പേരാമ്പ്ര സ്വദേശി കെ.എം. സുബീഷാണ് സെൻസസ് ഉദ്യോഗസ്ഥൻ. റിട്ട. അദ്ധ്യാപകൻ റാന്നി സ്വദേശി ബിനു കെ.സാം സഹായിക്കും. ഏറെവർഷം ശബരിമല വനത്തിലെ കുട്ടികളെ കുടിലുകളിൽ പോയി പഠിപ്പിച്ച ഏകാദ്ധ്യാപകനായിരുന്നു ബിനു.

ഈ മാസം ഒന്നിന് ആരംഭിച്ച സൻസസ് ജോലികൾ നിലയ്ക്കലിലെ കെട്ടിട‌ങ്ങൾക്ക് നമ്പർ ഇട്ടുകൊണ്ടാണ് ആരംഭിച്ചത്. പമ്പയിലും സെൻസ് പൂർത്തിയായി. നീലിമല വഴി സന്നിധാനത്തേക്കുള്ള പാതയിലെ ഷെഡുകൾക്കും കെട്ടിടങ്ങൾക്കും നമ്പരിട്ടു. സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ താമസ സ്ഥലത്തും എത്തി. ഇന്ന് മടങ്ങുന്ന വഴി സ്വാമി അയ്യപ്പൻ റോഡ് വശങ്ങളിലുള്ള കെട്ടിടങ്ങൾക്ക് നമ്പരിടും.

കാട്ടാനക്കൂട്ടത്തെ

അകറ്റി വനപാലകർ

സന്നിധാനത്ത് നിന്ന് ഒന്നരക്കിലോമീറ്റർ അകലെ ഉൾവനത്തിൽ ഉരൽക്കുഴിയിലെ ഏക ആദിവാസി കുടിലിലേക്ക് പോകുമ്പോൾ കാട്ടാനക്കൂട്ടം തടസമായി. ഒപ്പമുണ്ടായിരുന്ന വനപാലകർ ശബ്ദമുണ്ടാക്കി ആനക്കൂട്ടത്തെ അകറ്റി. കുടിലിലെ താമസക്കാരൻ സുരേന്ദ്രനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഭാര്യയും സഹോദരിയുമാണ് സുരേന്ദ്രന് ഒപ്പമുള്ളത്.

ശബരിമല വാർഡിലെ കെട്ടിടങ്ങൾ

 നിലയ്ക്കൽ 241

 പമ്പ 152

 സന്നിധാനം 361

 അട്ടത്തോട് 212

കാടും മേടും നിറഞ്ഞ വാർഡിലെ ജോലി സന്തോഷത്തോടെയാണ് ഏറ്റെടുത്തത്

കെ.എം. സുബീഷ്, എന്യുമറേറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SENSUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA