
വ്യക്തിപരമായ ആരോഗ്യം സംരക്ഷിക്കുന്നവർപോലും ചില പകർച്ചവ്യാധികളുടെ പിടിയിൽ അകപ്പെട്ടുപോകാം. എന്നാൽ ജീവിതശൈലീ രോഗങ്ങളുണ്ടാകാതിരിക്കാനും നിലവിലേത് വർദ്ധിക്കാതിരിക്കാനും വ്യക്ത്യധിഷ്ഠിതമായ ആരോഗ്യം സംരക്ഷിക്കുക എന്നതുതന്നെയാണ് പ്രധാനം.
ജീവിതശൈലീ രോഗങ്ങളകറ്റുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് അതുവരെ സ്വീകരിച്ചുപോന്ന ജീവിതശൈലിയിൽ ആവശ്യമായ മാറ്റം വരുത്തുക എന്നതാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ആഹാരം തന്നെയാണ്.
ആഹാരത്തിൽ പഥ്യമായവയ്ക്കും അപഥ്യമായവയ്ക്കും ഒരുപോലെ പ്രാധാന്യമുണ്ട്. പഥ്യമായത് സ്വീകരിച്ചും അപഥ്യമായവയെ ഒഴിവാക്കിയും മാത്രമേ രോഗശമനം സാദ്ധ്യമാകു. അതുകൊണ്ടുതന്നെ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പൊണ്ണത്തടി, തൈറോയ്ഡ്, കരൾരോഗങ്ങൾ എന്നിങ്ങനെ ജീവിതശൈലീരോഗങ്ങൾ ഏതുമാകട്ടെ അവയിൽനിന്ന് ശമനമുണ്ടാകാൻ നമ്മൾ ശീലിക്കേണ്ടതിനെ പഥ്യമെന്നും രോഗ വർദ്ധനവിനെ ഉണ്ടാക്കുന്നവയെ അപഥ്യമെന്നും വേർതിരിച്ച് ലിസ്റ്റ് ചെയ്തുകൊണ്ടാണ് ആയുർവേദം ചികിത്സ വിധിക്കുന്നത്. ഭക്ഷണങ്ങൾക്കൊപ്പം നമ്മൾ ചെയ്യുന്ന പ്രവൃത്തികൾക്കും വലിയ പ്രാധാന്യമുണ്ട്. ഓരോ രോഗത്തിലും ഒഴിവാക്കേണ്ടതും നിർബന്ധമായും ഉൾപ്പെടുത്തേണ്ടതുമായ ഭക്ഷ്യവസ്തുക്കൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കാം. ഇവരണ്ടും രോഗചികിത്സയിൽ ഒരുപോലെ പ്രാധാന്യമുള്ളവയാണെന്ന്
ആദ്യമേ പറഞ്ഞല്ലോ. ഇടയ്ക്ക് ഒന്ന് ആവർത്തിച്ചുകൊള്ളട്ടെ, പഥ്യമെന്നാൽ രോഗശമനത്തിനായി ഉൾപ്പെടുത്തേണ്ടവ എന്നാണർത്ഥം. ഇപ്പോൾ പലരും പറയുന്നത്പോലെ ഉപയോഗിക്കാൻ പാടില്ലാത്തവ എന്ന അർത്ഥമല്ല ആ വാക്കിനുള്ളത്.
ചില മരുന്നുകൾ ഉപയോഗിക്കുമ്പോൾ മരുന്നിന്റെ സ്വഭാവമനുസരിച്ചുള്ള പഥ്യവും അപഥ്യവും കൂടി ആയുർവേദത്തിൽ അനുശാസിക്കുന്നുണ്ട്. എന്നാൽ, അതിലുപരി രോഗത്തിനും രോഗാവസ്ഥയ്ക്കും അനുസരിച്ചാണ് പഥ്യാപഥ്യങ്ങൾ കൂടുതലും നിർദ്ദേശിച്ചിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാൽ ആയുർവേദം, ആധുനിക വൈദ്യം, ഹോമിയോ തുടങ്ങിയ ഏതു സിസ്റ്റമാണ് രോഗി ഉപയോഗിക്കുന്നതെങ്കിലും രോഗത്തെ നിയന്ത്രണത്തിലാക്കുന്നതിന് പഥ്യങ്ങൾ ശീലിക്കുകയും അപഥ്യങ്ങൾ ഒഴിവാക്കുകയും വേണമെന്ന് സാരം.
ഉദാഹരണത്തിന് പ്രമേഹരോഗികളോട് മധുരം കഴിച്ചാലും കുഴപ്പമില്ലെന്ന് ഇതിൽ ഒരു ആരോഗ്യശാസ്ത്രവും കൽപ്പിക്കുന്നില്ലല്ലോ? എന്നാൽ ഇത്തരം നിബന്ധനകൾ ഏറ്റവും കൂടുതലായി വിധിച്ചിട്ടുള്ളത് ആയുർവേദത്തിൽ തന്നെയാണ്. ആ പഥ്യങ്ങളിൽ നിന്നാണ് നമ്മുടെ ഭക്ഷണ സംസ്കാരം പോലും രൂപപ്പെട്ടിട്ടുള്ളത്. ഇത്രയേറെ നിർദ്ദേശങ്ങൾ ആയുർവേദത്തിൽ പറയുന്നത് മരുന്നുകൊണ്ട് മാത്രമല്ല രോഗത്തെ വരുതിയിലാക്കേണ്ടതെന്ന് ബോദ്ധ്യപ്പെടുത്താൻ കൂടിയാണ്.ഭക്ഷണമായി മനുഷ്യർ ഉപയോഗിക്കുന്ന വസ്തുവിന്റെ അളവ് തീരെ കുറവുമല്ല. അതുകൊണ്ടുതന്നെ ഭക്ഷണം രോഗാവസ്ഥയ്ക്ക് യോജിക്കുന്നതായിരിക്കേണ്ടത് അനിവാര്യമായ കാര്യമാണ്.
പഥ്യവും അപഥ്യവും ഓരോ രോഗികളിലും രോഗം, ജീവിത ചുറ്റുപാട്, ശരീരപ്രകൃതി, രോഗത്തിന്റെ ഘട്ടം എന്നിവയെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
ഭക്ഷണനിർദ്ദേശങ്ങളും ചികിത്സപോലും ഒരേ രോഗത്തിന് പല രോഗികളിലും വ്യത്യാസപ്പെട്ടിരിക്കുന്ന കാഴ്ചപ്പാടാണ് ആയുർവേദത്തിനുള്ളത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു മരുന്നോ ഭക്ഷണമോ ഒരു പ്രത്യേക രോഗത്തിൽ ഒരുപോലെ എല്ലാ രോഗികൾക്കും പ്രയോജനപ്പെടുമെന്ന രീതിയിലുള്ള സമീപനം ആയുർവേദത്തിലില്ല. അതുകൊണ്ടുതന്നെയാണ് ഏതു രോഗാവസ്ഥയിലുള്ളവർക്ക് ഏത് ചികിത്സ വേണം? ഏത് പഥ്യം വേണം ?എന്തൊക്കെ അപഥ്യമായി പറയണം? എന്ന് തീരുമാനിക്കേണ്ടത് ചികിത്സകൻ ആണെന്ന് നിശ്ചയിച്ചിരിക്കുന്നത്. ഇത്രയും പറഞ്ഞതിൽ നിന്ന് ആയുർവേദ ചികിത്സ ചെയ്യുന്നവർ മാത്രമേ പഥ്യാപഥ്യങ്ങൾ നോക്കേണ്ടതുള്ളൂ എന്ന ധാരണ മാറിക്കാണുമല്ലോ? എന്നാലിനി ചില ജീവിതശൈലീ രോഗങ്ങളിൽ ആഹാരമായി എന്തൊക്കെ ഉൾപ്പെടുത്തണമെന്നും അതുപോലെ എന്തൊക്കെ ഒഴിവാക്കണമെന്നും നോക്കാം.
ആറ് രുചികളും പ്രമേഹവും
മധുരം, പുളി, ഉപ്പ്, കയ്പ്, ചവർപ്പ്, എരിവ് എന്നിങ്ങനെ ആറ് രുചികളാണ് ആയുർവേദം പറയുന്നത്. ഇവയിൽ കയ്പ്പും ചവർപ്പും രുചികളുള്ള ആഹാരമാണ് പ്രമേഹത്തെ കുറയ്ക്കുന്നത്. അതുപോലെ വെളിച്ചെണ്ണ പ്രമേഹരോഗികൾക്ക് മിതമായി ഉപയോഗിക്കാം. എന്നാൽ, ഒരിക്കൽ പാകംചെയ്ത വെളിച്ചെണ്ണയിൽ വീണ്ടും വീണ്ടും പാകം ചെയ്യുന്നത് ഒഴിവാക്കണം.അവിയൽ പോലുള്ള കറികൾ പാകപ്പെടുത്തിയശേഷം ഹൃദ്യമായ മണവും രുചിയും ലഭിക്കാൻ അല്പം വെളിച്ചെണ്ണ ചേർക്കുന്നവരുണ്ട്. അതൊന്നും അത്രയ്ക്ക് പേടിക്കേണ്ടവയല്ല. എന്നാൽ പ്രമേഹരോഗികൾക്ക് വെളിച്ചെണ്ണ അത്ര നല്ലതല്ല. തേങ്ങാപ്പാലിൽ നിന്നെടുക്കുന്ന വെർജിൻ കോക്കനട്ട് ഓയിലാണ് (വെന്തവെളിച്ചെണ്ണ അഥവാ ഉരുക്ക് വെളിച്ചെണ്ണ ) കൂടുതൽ സുരക്ഷിതം. ഭക്ഷണത്തിനായി ഗ്ലൈസീമിക് ഇൻഡക്സ് കുറവുള്ള ധാന്യങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. കേരളീയർക്ക് പ്രിയം അരിയാണെന്നതുകൊണ്ടുതന്നെ അത് പരമാവധി കുറയ്ക്കണം. അരി അരച്ചും പുളിപ്പിച്ചുമുള്ള വിഭവങ്ങൾ പ്രത്യേകിച്ചും. ചോറിന്റെ അളവ് കുറച്ച് മറ്റു കറികളുടെ അളവ് കൂട്ടി ഉപയോഗിച്ച് ശീലിക്കുന്നത് നല്ലതാണ്. തവിട് കളയാത്ത പഴക്കമുള്ള അരി മിതമായി ഉപയോഗിക്കാം. കഞ്ഞിവെന്തവെള്ളം ഊറ്റിക്കളഞ്ഞ് പകരം ചൂടുവെള്ളം ചേർത്താൽ കഞ്ഞിയായും കുടിക്കാം.
കേരളീയർക്ക് ഗോതമ്പ് അത്ര പ്രിയ മല്ലാത്തതിനാൽ ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കുവാൻ ഗോതമ്പോ അതിനേക്കാൾ സൂചിഗോതമ്പോ ഉപയോഗിക്കുന്നതാണ് നല്ലത്. ഗോതമ്പു കൊണ്ടുള്ള വിഭവങ്ങളാകുമ്പോൾ ഭക്ഷണത്തിന്റെ അളവ് കുറയാൻ സാദ്ധ്യതയുണ്ട്. തിന, യവം, മുളയരി,കൂവരക്, ചാമയരി, ചോളം എന്നിവ കൊണ്ടും അരിപോലെ തന്നെ പലതരം വിഭവങ്ങളുണ്ടാക്കി ഉപയോഗിക്കാവുന്നതാണ്. ഇവയിൽ അന്നജത്തിന്റെ അളവ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് നിർത്തുന്നതിനും പ്രമേഹത്തേയും അതുകാരണമുണ്ടാകാവുന്ന മറ്റു ഗുരുതരാവസ്ഥകളെയും പരമാവധി ശമിപ്പിക്കുന്നതിനും മരുന്ന് പോലെ പ്രയോജനപ്രദമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |