ഫുഡ് ബിസിനസ് ആരംഭിക്കുമ്പോൾ രജിനി ബെക്‌ടറുടെ കൈവശം ആകെയുണ്ടായിരുന്നത് 300 രൂപയുടെ ഓവൻ മാത്രമായിരുന്നു. ഇന്ന് 7400 കോടി രൂപ ആസ്‌തിയുള്ള കമ്പനിയുടെ ഉടമയാണ് ഈ പഞ്ചാബിലെ ലുധിയാനക്കാരി. വെറുമൊരു ഹോബിയായാണ് രജിനി വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാൻ ആരംഭിച്ചത്. സുഹൃത്തുക്കളും പരിചയക്കാരും പാചകത്തിന് കയ്യടിച്ചതോടെ ആത്മവിശ്വാസമായി. പഞ്ചാബ് അഗ്രികൾച്ചറൽ സർവകലാശാലയിൽ ബേക്കിംഗ് കോഴ്‌സും ചെയ്തു.
വിവിധ വിവഭങ്ങൾ പരീക്ഷിക്കുന്നത് രജനിക്ക് ഏറെ ഇഷ്ടമായിരുന്നു. പ്രാദേശിക മേളകളിൽ ഐസ്‌ക്രീം ഉൾപ്പെടെ വിൽക്കാനും ആരംഭിച്ചു. എന്നാൽ ആദ്യത്തെ ബിസിനസ് സംരംഭമായ 'മിസിസ് ബെക്‌ടേഴ്‌സ് ഫുഡ് സ്‌പെഷ്യാലിറ്റീസ്' വിജയകരമായിരുന്നില്ല. അതിനാൽതന്നെ യഥാർത്ഥ വിലയിൽ നിന്ന് വളരെ വില കുറച്ച് സാധനങ്ങൾ വിൽക്കേണ്ടതായും വന്നു.
ഭർത്താവ് ധരംവീർ ബെക്ടറുടെ പിന്തുണയോടെ രജനി തന്റെ സംരംഭം വിപുലീകരിക്കാൻ തീരുമാനിച്ചു. 1978ൽ ഒരു ഐസ്‌ക്രീം നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി അദ്ദേഹം 20000 രൂപ നിക്ഷേപിച്ചു. വലിയൊരു ബിസിനസ് കെട്ടിപ്പടുക്കുന്നതിലേക്കുള്ള ആദ്യത്തെ സുപ്രധാന ചുവടുവയ്പ്പായിരുന്നു അത്.
1985ൽ പഞ്ചാബിൽ രജനി ഒരു ബ്രെഡ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. തുടക്കത്തിൽ പ്രതിദിനം ഏകദേശം 5000 ബ്രെഡ് ലോഫുകളായിരുന്നു അവിടെ ഉൽപ്പാദിപ്പിച്ചിരുന്നത്. കാലക്രമേണ, ഉൽപ്പാദന ശേഷി പ്രതിദിനം ഏകദേശം 50000 ലോഫുകളായി വർദ്ധിച്ചു.
പിന്നീട് രജനി തന്റെ ബിസിനസ് 'ക്രെമിക്ക' എന്ന ബ്രാൻഡുമായി ബന്ധിപ്പിച്ചു. ബിസ്‌കറ്റുകളിലൂടെയും മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളിലൂടെയും ഈ ബ്രാൻഡ് പിന്നീട് ഏറെ ജനപ്രിയമായി മാറി. ബ്രെഡും പ്രീമിയം ബേക്കറി ഉൽപ്പന്നങ്ങളും വിൽക്കുന്ന 'ഇംഗ്ലീഷ് ഓവൻ' എന്ന പേരിൽ കമ്പനി സ്വന്തം ബേക്കറി ബ്രാൻഡും വികസിപ്പിച്ചെടുത്തു.
1990കളിൽ മക്ഡൊണാൾഡ്സ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത് കമ്പനിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായി മാറി. ആഗോള ഫാസ്റ്റ്-ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്സിന് ബർഗർ ബണ്ണുകൾ വിതരണം ചെയ്യാനായി ക്രെമിക്കയെ തിരഞ്ഞെടുത്തു.
പിന്നീട് കെഎഫ്‌സി, ബർഗർ കിംഗ് തുടങ്ങിയ മറ്റ് പ്രമുഖ റെസ്റ്റോറന്റ് ശൃംഖലകൾക്കും ബേക്കറി ഉൽപ്പന്നങ്ങളും ബണ്ണുകളും വിതരണം ചെയ്യാൻ തുടങ്ങി. നിലവിൽ 60ലധികം രാജ്യങ്ങളിൽ കമ്പനിയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നുണ്ട്. 2020 ഡിസംബറിൽ കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. 2021ൽ രാജ്യം രജനിയെ പദ്മശ്രീ നൽകി ആദരിച്ചു.
Rajni Bector transformed a food business started with a 300-rupee oven into a 7400 crore rupee company. Her enterprise, known for brands like Cremica and English Oven, expanded significantly after becoming a key supplier to McDonald's and other fast-food chains. Now operating in over 60 countries, Bector was honored with the Padma Shri in 2021.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |