SignIn
Kerala Kaumudi Online
Sunday, 13 September 2026 1.00 AM IST

കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിന് ഷിപ്പ്‌യാർഡും ഡ്രൈഡോക്സ് സംയുക്ത സംരംഭം

ship

കൊച്ചി: കൊച്ചിയിലെ അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം(ഐ.എസ്.ആർ.എഫ്) സംയുക്തമായി പ്രവർത്തിപ്പിക്കാനും വിപുലീകരിക്കാനും കൊച്ചിൻ ഷിപ്പ്‌യാർഡും ദുബായിലെ ഡ്രൈഡോക്‌സ് വേൾഡും കരാർ ഒപ്പിട്ടു. ഇരുകമ്പനികൾക്കും 50 ശതമാനം വീതം ഓഹരികളാണ് സംരംഭത്തിലുണ്ടാകുക.

ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഡ്രൈഡോക്‌സ് വേൾഡ് സി.ഇ.ഒ ക്യാപ്‌റ്റൻ റാഡോ ആന്റോലോവികും കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.ജെ. ജോസും കരാറിൽ ഒപ്പുവച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, യു.എ.ഇ അസിസ്റ്റന്റ് ഫോറിൻ മിനിസ്റ്റർ ഒമ്രാൻ ഷറഫ് അൽഹാഷിമി എന്നിവർ പങ്കെടുത്തു.

1,800 കോടി രൂപയുടെ കേന്ദ്രം

കൊച്ചിയിലെ ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ കേന്ദ്രത്തിന്റെ പ്രവർത്തനം, ഏകീകരണം, വിപുലീകരണം എന്നിവ നടപ്പാക്കും. കപ്പൽ അറ്റകുറ്റപ്പണി, എൻജിനീയറിംഗ്, ഫാബ്രിക്കേഷൻ, അനുബന്ധ സമുദ്ര സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് കപ്പൽശാല അധികൃതർ പറഞ്ഞു. പ്രാരംഭ മൂലധനം ഇരു സ്ഥാപനങ്ങളുടെയും ഇക്വിറ്റി സംഭാവനകളിലൂടെയാണ് നിക്ഷേപിക്കുക.

നിലവിലെ കേന്ദ്രത്തിന്റെ മൂല്യം ഏകദേശം 1,800 കോടി രൂപയാണ്. കൂടുതൽ കപ്പലുകളെ കൈകാര്യം ചെയ്യുന്നതിനായി പത്ത് പുതിയ വർക്ക് സ്‌റ്റേഷനുകൾ കൂടി സ്ഥാപിക്കാനും പദ്ധതിയുണ്ട്.

ഇന്ത്യയുടെ കപ്പൽ അറ്റകുറ്റപ്പണി മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് സംയുക്ത സംരംഭം. കേരളത്തിന് പ്രമുഖ സമുദ്ര സേവന കേന്ദ്രമായി ഉയർന്നുവരാനുള്ള വലിയ അവസരമാണിത്.

സർബാനന്ദ സോനോവാൾ

കേന്ദ്ര ഷിപ്പിംഗ് വകുപ്പ് മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CSL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360